
തിരുവനന്തപുരം: കർക്കിടവാവ് ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് വിപുലമായ ഗതാഗത സംവിധാനങ്ങളാണ് കെഎസ്ആർടിസി ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നീ ആറ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ ബസുകൾ കൂടുതലായി സർവീസ് നടത്തും. ബുധനാഴ്ച പുലർച്ചെ രണ്ടുമണിമുതൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കും.
തിരക്ക് കൃത്യമായി നിയന്ത്രിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ യൂണിറ്റ് ഓഫീസർമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സ്പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ഉൾപ്പെടെ 68 ഓളം ബസുകളാണ് സ്പെഷ്യൽ സർവീസുകൾക്കായി മാറ്റിയിരിക്കുന്നത്.
ജില്ലയിൽ ആറ്റിങ്ങൽ യൂണിറ്റിന് കീഴിൽ വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽനിന്ന് 10 ബസുകളും കണിയാപുരം യൂണിറ്റിന് കീഴിൽ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽനിന്ന് നാല് ബസുകളും തിരുവനന്തപുരം സിറ്റി യൂണിറ്റിന് കീഴിൽ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല ഡിപ്പോകളിൽനിന്ന് 10 ബസുകളും പാപ്പനംകോട് യൂണിറ്റിന് കീഴിൽ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകളും കിളിമാനൂർ ഡിപ്പോയിൽനിന്ന് രണ്ട് ബസുകളും സ്പെഷ്യൽ സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമേ ആറ്റിങ്ങൽ, കണിയാപുരം തിരുവനന്തപുരം സിറ്റി, പാപ്പനംകോട് ഡിപ്പോകളിൽ നിന്നായി മുപ്പതോളം ഓർഡിനറി ബസുകളും സർവീസ് നടത്തും. തിരുവല്ലത്തേക്ക് തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വിഴിഞ്ഞം, പൂവാർ ഡിപ്പോകളിൽ നിന്നും ശംഖുമുഖത്തേക്ക് പാപ്പനംകോട്, പേരൂർക്കട, പൂവാർ, വിഴിഞ്ഞം, തിരുവനന്തപുരം സിറ്റി ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാകും.
വേളിയിലേക്ക് വികാസ് ഭവൻ, കണിയാപുരം ഡിപ്പോകളിൽ നിന്നും കഠിനംകുളത്തേക്ക് കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്നും അരുവിക്കരയിലേക്ക് നെടുമങ്ങാട്, വെള്ളനാട്, പേരൂർക്കട ഡിപ്പോകളിൽ നിന്നും അരുവിപ്പുറത്തേക്ക് നെയ്യാറ്റിൻകര, പാറശാല, വെള്ളറട ഡിപ്പോകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. മാറനല്ലൂർ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് കാട്ടാക്കട, വെള്ളറട ഡിപ്പോകളിൽ നിന്നും വർക്കലയിലേക്ക് ആറ്റിങ്ങൽ, വെഞ്ഞാറമൂട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളിൽ നിന്നും സ്‌പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam