
കൊല്ലം: കൊല്ലത്തെ പാരിപ്പള്ളിയിൽ നടന്ന വാഹന പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. ജില്ലയിലെ കഞ്ചാവിന്‍റെ മൊത്തവിതരണക്കാരനും സഹായികളുമാണ് പിടിയിലായത്. ബാഗ് നിറയെ കഞ്ചാവുമായാണ് ഈ സംഘം പിടിയിലായത്. ഇവരിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവം ഇങ്ങനെ
ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൊല്ലത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്. അതിനിടയിലാണ് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്ന് കഞ്ചാവ് കച്ചവടക്കാരെ പിടികൂടിയത്. കൊല്ലം ചിന്നക്കട സ്വദേശി അനിൽ കുമാർ , നീണ്ടകര സ്വദേശി സുരേഷ്, പട്ടത്താനം സ്വദേശി ആകാശ് എന്നിവരാണ് എക്സൈസിന്‍റെ വലയിലായത്. ഷോൾഡർ ബാഗുകളിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. മൂന്ന് പേരിൽ നിന്നുമായി കണ്ടെടുത്തത് 14 കിലോ കഞ്ചാവാണ്. ആന്ധ്രയിൽനിന്നാണ് ഇവർ കഞ്ചാവ് വലിയ തോതിൽ വാങ്ങിയിരുന്നത്. ട്രെയിൻ മാർഗം ചെന്നൈയിലെത്തും. അവിടെനിന്ന് കെ എസ് ആർ ടി സി ബസിൽ കൊല്ലത്തേക്ക് വരുന്ന വഴിയാണ് പാരിപ്പള്ളിയിൽ വെച്ച് മൂന്നംഗ സംഘം കുടുങ്ങിയത്. അനിൽകുമാറും സുരേഷും നിരവധി ലഹരി വിൽപ്പന കേസുകളിൽ പ്രതികളാണ്. കൊല്ലത്തേയ്ക്കു കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് ചിന്നക്കട ഉണ്ണി എന്ന് വിളിക്കുന്ന അനിൽകുമാർ. ആന്ധ്രയിൽ നിന്ന് ഒരു കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 15,000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കൊല്ലം ജില്ലയിൽ ഈ മാസം പിടികൂടിയ പന്ത്രണ്ടാമത്തെ ലഹരി കേസാണിത്. 14 പേർ ആകെ അറസ്റ്റിലായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...