
സുല്‍ത്താന്‍ബത്തേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടൻ പ്രാബല്യത്തില്‍ വന്ന സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഹിറ്റായി ഓടുന്നതിനിടയില്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളും പുറത്തുവരുന്നു. സുല്‍ത്താൻ ബത്തേരി-ഗുണ്ടല്‍പേട്ട് റൂട്ടിലോടുന്ന ബസ് ജീവനക്കാര്‍ വലിയ ആശങ്കയാണ് ഇത് സംബന്ധിച്ച് പങ്കുവെക്കുന്നത്. അതിരാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ട്രിപ്പ് മുതല്‍ വൈകുന്നേരം 4.20 നുള്ള ട്രിപ്പ് വരെ ഹൗസ് ഫുള്‍ ആയി തന്നെയാണ് ബസിന്റെ യാത്ര. ഗുണ്ടല്‍പേട്ടിലെ മുന്തിരിത്തോട്ടവും പൂപാടങ്ങളും കാണാന്‍ കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് എത്തുന്നവരാണ് ബത്തേരി നഗരത്തിലെ സ്റ്റാന്റില്‍ പ്രിയദര്‍ശിനി ബസ് കയറാന്‍ കാത്തുനില്‍ക്കുന്നത്.
രാവിലെ ഏഴുമണി മുതല്‍ തന്നെ ബസ് അമിത ലോഡുമായാണ് യാത്ര. തുടര്‍ന്ന് ഒമ്പത് മണിക്കും 10.20നും ഉച്ചക്ക് 12 മണിക്കും ഒരു മണിക്കും 2.20നും ഉള്ള യാത്രകളെല്ലാം ഒരു ബസില്‍ കൊള്ളാവുന്നതിലുമധികം യാത്രക്കാരുമായാണ് പോകാറുള്ളതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അമിതലോഡില്‍ ബസിന്റെ ടയറും ജോയിന്റും പൊട്ടുന്ന സംഭവങ്ങള്‍ വരെ ഉണ്ടായതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പത് പേര്‍ ഇരുന്നും 20 പേര്‍ നിന്നും യാത്ര ചെയ്യാന്‍ അനുമതിയുള്ള ബസില്‍ 140 പേര്‍ വരെ യാത്ര ചെയ്യുന്നുണ്ട്. ചിലപ്പോൾ ഗുണ്ടല്‍പേട്ട് സ്റ്റാൻഡിലെത്തിയിട്ടും കൂട്ടത്തോടെ സ്ത്രീകള്‍ ബസില്‍ നിന്നിറങ്ങുക പോലും ചെയ്യാതെ, ഇതേ ബസില്‍ ഇവര്‍ തിരികെ വന്ന അനുഭവവും ജീവനക്കാര്‍ പങ്കുവയ്ക്കുന്നുണ്ട്.
കേരള-കര്‍ണാടക വനപ്രദേശം കഴിഞ്ഞാല്‍ പിന്നീടുള്ള 15 കിലോമീറ്റര്‍ ഗുണ്ടല്‍പേട്ടിന്റെ കാര്‍ഷിക ഭൂപ്രദേശങ്ങളും ഗ്രാമങ്ങളുമാണ് കാഴ്ച്ചകള്‍. എന്നാല്‍ ഇത്രയും കിലോമീറ്റര്‍ ദൂരത്തില്‍ ആറ് സറ്റോപ്പുകളിലും കേരളത്തില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഇറങ്ങാറുണ്ട്. പൂപാടങ്ങളും ഗ്രാമകാഴ്ച്ചകളും കണ്ട് മടങ്ങി വരുന്ന യാത്രക്കാര്‍ക്ക് പലപ്പോഴും പ്രിയദര്‍ശിനി ബസില്‍ തിരക്ക് കാരണം കയറിപ്പറ്റാനാകാറില്ല.
ല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പേട്ട് യാത്രയില്‍ കാഴ്ച്ചകളേറെയാണ്. ബത്തേരിയില്‍ നിന്ന് 13 കിലോമീറ്റര്‍ പിന്നിട്ടാല്‍ മുത്തങ്ങ വനം തുടങ്ങുകയായി. ഏഴ് കിലോ മീറ്ററിലധികം ദൂരം കേരളത്തിന്റെ വനമേഖല കഴിഞ്ഞാല്‍ പിന്നീട് വരുന്ന 19.5 കിലോ മീറ്റര്‍ ദൂരം ബന്ദിപ്പൂര്‍ വനമാണ്. ആനക്കൂട്ടങ്ങളും പുള്ളിമാന്‍കൂട്ടവും അപൂര്‍വ്വമായി കാട്ടുപോത്തുകളും കടുവയും കാഴ്ച്ചയിലേക്ക് എത്തുന്ന വനമേഖല കഴിഞ്ഞാലും കാഴ്ച്ചകള്‍ക്ക് പഞ്ഞമില്ല. ഇപ്പോള്‍ ഹിറ്റായി മാറിയ മുന്തിരിത്തോപ്പും പൂപാടങ്ങളുടെ കാഴ്ച്ചകളും ആസ്വദിക്കാന്‍ നൂറുകണക്കിന് പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam