കൂടൽ കലഞ്ഞൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി നാലംഗ സംഘം പിടിയിലായി. പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഡാൻസാഫ് ടീമും പോലീസും ചേർന്ന് സാഹസികമായാണ് കീഴടക്കിയത്. കാപ്പ കേസ് പ്രതിയായ ലൈജു ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
കൂടൽ: കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി നാലുപേർ പിടിയിലായി. പത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടിച്ചെടുത്തത്.
അടൂർ പഴകുളം പൊന്മന കിഴക്കേതിൽ ഹബീബ് റാവുത്തറുടെ മകൻ ലൈജു (31), നൂറനാട് പാലമേൽ കാവിൽ ബാബുവിന്റെ മകൻ ശ്യാം (30), നൂറനാട് ഭവദാസൻ മുക്ക് വട്ടയത്തിനാൽ അയ്യപ്പൻകുട്ടിയുടെ മകൻ അരുൺ (29), നൂറനാട് ശ്രീഹരി ഭവനത്തിൽ ഷാജിയുടെ മകൻ കിരൺ (26) എന്നിവരാണ് പിടിയിലായത്. KL 31 V 5406 നമ്പർ ബൊലേനോ കാറിൽ വിൽപ്പനയ്ക്കായി കടത്താൻ ശ്രമിച്ച 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എം.ഡി.എം.എ, 2.303 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സംഘത്തലവനായ ലൈജു കാപ്പ കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയും കേരളത്തിലും ആന്ധ്രപ്രദേശിലും ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. സംഘത്തിലെ മറ്റുള്ളവരും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. കലഞ്ഞൂർ-കരിച്ചന്നൂരിലെ വാടകവീട്ടിൽ നിന്ന് ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പോലീസ് ജീപ്പ് ക്രോസ്സ് ചെയ്ത് തടയുകയായിരുന്നു. പ്രതികൾ പോലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാനും ലഹരി വസ്തുക്കൾ ഉപേക്ഷിക്കാനും ശ്രമിച്ചെങ്കിലും പോലീസ് സംഘം സാഹസികമായി ഇവരെ കീഴടക്കുകയായിരുന്നു.
ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി റെജി എബ്രഹാം, ഇൻസ്പെക്ടർ വിനോദ് എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലാ ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ വിഷ്ണു യു. വി, വിഷ്ണു അജയ്, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ ബിനു ആർ, നിതിൻ ജോസ്, സുജിത്ത്, വിമൽ, ജിതിൻ, ഷെഫീഖ്, ശ്രീരാജ്, അടൂർ സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ ഹരി, അൻസിൽ, സുമേഷ്, രഞ്ജിത്ത്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ തൂക്കം പരിശോധിച്ച് മഹസർ രേഖപ്പെടുത്തിയ ശേഷം പ്രതികളെയും തൊണ്ടിമുതലുകളും കൂടൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.


