
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ എന്നും സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളിൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് ആവശ്യത്തിനുള്ള കെ എസ് ആർ ടി സി ബസുകൾ ഇന്നലെ രാത്രി തന്നെ എത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ വിവരിച്ചു. സ്വകാര്യ ബസുകൾ പണിമുടക്ക് എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്ന് പറഞ്ഞ മന്ത്രി, പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. ബസ് സർവീസ് അവശ്യ സർവീസാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തിലും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ രൂക്ഷമായി പ്രതികരിച്ചു. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമെന്നാണ് ഗണേഷ് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കും. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അപമര്യാത കാണിച്ച ഡ്രൈവർമാർക്കും ഒത്താശചെയ്ത പൊലീസുകാർക്കും എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വിവരിച്ചു. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ച മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.
മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ പിടിയിലായിട്ടുണ്ട്. മൂന്നാര്‍ സ്വദേശികളായ വിനായകൻ, വിജയകുമാര്‍ എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീഡിയോവിൽ നിന്ന് ഇവരെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഈ വീഡിയോ ആണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിര്‍ണായകമായത്. പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തിവന്നിരുന്നത്. യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒക്ടോബർ 30 ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.