
ചേർത്തല: കെഎസ്ആർടിസി ചേർത്തല ഡിപ്പോയിൽനിന്ന് ബസുകളിലെ ഡീസൽ ചോർത്തി വിറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന നാല് ജീവനക്കാർക്കെതിരെ ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ചേർത്തല പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് സംഘം ഡിപ്പോയിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കോർപറേഷൻ തലത്തിൽ പ്രത്യേക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഡിപ്പോയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പതിവില്ലാത്തവിധം മൈലേജ് കുറയുന്നതും ഡീസൽ അടിക്കുന്നതിന് ആനുപാതികമായി ഓടാത്തതും അധികൃതരെ സംശയത്തിലേക്ക് നയിച്ചു. തുടർന്ന് രഹസ്യനിരീക്ഷണം ശക്തമാക്കിയതോടെയാണ് മോഷണം പുറത്തായത്. എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ഡിപ്പോ പരിസരത്ത് അഞ്ച് പെൻ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിലൂടെ നടത്തിയ നിരീക്ഷണത്തിലാണ് സർവീസ് കഴിഞ്ഞ് പാർക്ക് ചെയ്യുന്ന ബസുകളിൽനിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം കുടുങ്ങിയത്. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി ഉന്നതാധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
രാത്രിയോടെ ബസുകളുടെ ഡീസൽ ടാങ്കുകളിൽ പൈപ്പിട്ട് ഡീസൽ ഊറ്റിയെടുത്ത ശേഷം പുറത്ത് വിൽപ്പന നടത്തുകയായിരുന്നു രീതി. ഓരോ ദിവസവും പല ബസുകളിൽനിന്നായി 10 മുതൽ 15 ലിറ്റർ വരെ ഡീസലാണ് ഇവർ ചോർത്തിയിരുന്നത്. ഏറെ നാളായി തുടർന്നിരുന്ന മോഷണത്തിലൂടെ ആയിരക്കണക്കിന് ലിറ്റർ ഡീസൽ നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ കണക്കുകൾക്കും കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനുമായി പൊലീസും കെഎസ്ആർടിസിയും വിശദമായ അന്വേഷണം നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam