കോയമ്പത്തൂർ ഫാസ്റ്റിൽ കാല് നിലത്തുറയ്ക്കാതെ കണ്ടക്ടർ; 'പറ്റിപ്പോയി സാറെ, ഒരു ക്വാർട്ടറാ കഴിച്ചേ...', കയ്യോടെ പിടിച്ച് വിജിലൻസ്

Published : Oct 08, 2025, 11:46 AM IST
ksrtc conductor

Synopsis

ജോലിക്കിടയിൽ മദ്യപിച്ച് ലക്കുകെട്ട കെഎസ്ആർടിസി കണ്ടക്ടറെ പാലക്കാട് വെച്ച് വിജിലൻസ് പിടികൂടി. പറ്റിപ്പോയിയെന്നും ഒരു ക്വാര്‍ട്ടർ ആണ് കഴിച്ചതെന്നും കണ്ടക്ടര്‍ വിജിലൻസിനോട് സമ്മതിച്ചു.

പാലക്കാട്: ജോലിക്കിടയിൽ മദ്യപിച്ചു ലക്കുകെട്ട് കെഎസ്ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്. ഈരാറ്റുപേട്ട - കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ കുമാർ ബദലിയാണ് ജോലിക്കിടെ മദ്യപിച്ചത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട്‌ കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് ഇയാളെ കയ്യോടെ പിടിച്ചു. പിന്നീട് കണ്ടക്ടറെ മാറ്റിയാണ് ബസ് യാത്ര തുടര്‍ന്നത്. പറ്റിപ്പോയിയെന്നും ഒരു ക്വാര്‍ട്ടർ ആണ് കഴിച്ചതെന്നും കണ്ടക്ടര്‍ വിജിലൻസിനോട് സമ്മതിച്ചു.

ഫോൺ സ്വിച്ച് ചെയ്ത കണ്ടക്ടർ

അതേസമയം, കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യാൻ ഓണ്‍ലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബസ് എപ്പോഴെത്തുമെന്നോ എവിടെ എത്തിയെന്നോ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുകയും ഫോൺ എടുക്കാതിരിക്കുകയും ചെയ്ത കണ്ടക്ടറുടെ നടപടിയിൽ യാത്രക്കാര്‍ ബസിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി. സ്ഥിരമായി കോഴിക്കോട്-കൊച്ചി റൂട്ടിൽ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന യാത്രക്കാരിയും ഓണ്‍ലൈൻ ചാനൽ അവതാരകയുമായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കിൽ കുറിച്ചത്.

കൊച്ചിയിലേക്കുള്ള യാത്രക്കായി രാത്രി 7.40-ന് കോഴിക്കോട് എത്തേണ്ട കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് ഹരിത ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാമനാട്ടുകരയിൽ നിന്നാണ് ബസിൽ കയറേണ്ടിയിരുന്നത്. പൊതുവെ വൈകി എത്തുന്ന പതിവുള്ള ബസ് ആയതിനാല്‍ ഇപ്പോൾ എവിടെ എത്തിയെന്നത് അടക്കമുള്ള വിവരങ്ങൾ അറിയാനും രാമനാട്ടുകരയിൽ നിന്ന് കയറുന്ന വിവരം അറിയിക്കാനുമായി വൈകുന്നേരം 6.30 മുതൽ ഹരിത കണ്ടക്ടറെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് എട്ട് മണിവരെ പലപ്പോഴായി വിളിച്ചെങ്കിലും ഫലം കണ്ടില്ല.

ഒടുവിൽ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിലെ നമ്പറുകളിലും കൺട്രോൾ റൂമുകളിലും മാറി മാറി ബന്ധപ്പെട്ടു. ഒടുവിൽ, മുമ്പ് ഇതേ റൂട്ടിൽ യാത്ര ചെയ്ത സ്വിഫ്റ്റ് ബസിലെ ഒരു കണ്ടക്ടറെ ബന്ധപ്പെട്ടാണ് സഹായം തേടിയത്. അദ്ദേഹം കണ്ണൂർ ഡിപ്പോയിൽ വിളിച്ചന്വേഷിച്ചപ്പോൾ, സ്വിഫ്റ്റിന്‍റെ ജീവനക്കാരല്ല, മറിച്ച് കെഎസ്ആർടിസിയുടെ സ്റ്റാഫാണ് വരുന്നത് എന്നും അവർ തിരിച്ചു വിളിക്കുമെന്നും മറുപടി ലഭിച്ചു.

എന്നാൽ, രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടും ഹരിതയ്ക്ക് ഒരു കോളും ലഭിച്ചില്ല. തുടർന്ന് വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്ത കണ്ടക്ടർ, 'കോഴിക്കോട് എത്തി ആളെ കയറ്റുന്നു, 10 മിനിറ്റ്' എന്ന് മാത്രം പറഞ്ഞ് കോൾ കട്ട് ചെയ്തു. പിന്നീട് ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. ഇതെല്ലാം ചെയ്തിട്ടും ഒടുവിൽ രാമനാട്ടുകരയിൽ കൈ കാണിച്ചു നിർത്തിയാണ് ഹരിതയ്ക്ക് ബസിൽ കയറാൻ സാധിച്ചത്. ബസിൽ കയറിയ ശേഷം കണ്ടക്ടറോട് കാര്യങ്ങൾ ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നുള്ള സ്റ്റോപ്പിൽ നിന്ന് കയറിയ യാത്രക്കാരും ഇതേ അനുഭവങ്ങൾ പങ്കുവെച്ച് കണ്ടക്ടറോട് ചോദിച്ചപ്പോഴും പ്രതികരണം ഉണ്ടായില്ല. കൈയ്യിൽ ആൻഡ്രോയിഡ് ഫോൺ ഓൺ ചെയ്ത നിലയിൽ ഇരിക്കുമ്പോഴാണ് യാത്രക്കാരുമായി സംസാരിക്കാൻ കണ്ടക്ടർ തയാറാകാതിരുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം