
തിരുവനന്തപുരം: ടിക്കെറ്റെടുക്കാന്‍ നല്‍കിയ നോട്ട് കീറിയിട്ടുണ്ടെന്നും പറഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ നട്ടുച്ചയ്ക്ക് റോഡില്‍ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍. പാറ്റൂർ വി.വി റോഡിൽ താമസിക്കുന്ന 13 വയസുകാരനെയാണ് കണ്ടക്ടര്‍ പൊരിവെയിലത്ത് ഇറക്കിവിട്ടത്. ടിക്കറ്റിനായി നല്‍കിയ 20 രൂപ നോട്ട് കീറിയതാണെന്നും വേറെ പണമില്ല ആകെ 20 രൂപയാണ് കൈയ്യിലുള്ളതെന്നും പറഞ്ഞ കുട്ടിയെ ബൈപാസ് റോഡില്‍ പൊരിവെയിലത്ത് ഇറക്കിവിടുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു .
ആക്കുളത്തെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് പരീക്ഷ കഴിഞ്ഞു വീട്ടിൽ പോകാൻ ആണ് കുട്ടി സ്കൂളിനു മുന്നിൽ നിന്നും കിഴക്കേക്കോട്ടയിലേയ്ക്കുള്ള സിറ്റി ഷട്ടിൽ ലോ ഫ്ളോർ കെഎസ്ആർടിസി ബസിൽ കയറിയത്. ബസിൽ ആകെ നാലോളം യാത്രക്കാർ മാത്രം ആണ് ഉണ്ടായിരുന്നത്. ആക്കുകുളം വേൾഡ് മാർക്കറ്റിന് മുന്നിൽ എത്തിയപ്പോഴാണ് ബസിലെ കണ്ടക്ടർ ടിക്കറ്റ് ചോദിച്ച് വന്നത്. ടിക്കറ്റ് എടുക്കാൻ കയ്യിൽ ആകെ ഉണ്ടായിരുന്ന 20 രൂപ നോട്ട് കുട്ടി വനിതാ കണ്ടക്ടർക്ക് കൈമാറി. എന്നാൽ നോട്ടിന്‍റെ ഒരു വശം ചെറുതായി കീറിയത് ആണെന്നും ഇത് മാറാൻ സാധിക്കില്ല വേറെ പണം തരാനും കണ്ടക്ടർ കുട്ടിയോട് ആവശ്യപ്പെട്ടു.
തന്‍റെ പക്കല്‍ വേറെ പൈസ ഇല്ല എന്ന് പറഞ്ഞ കുട്ടിയോട് കീറിയ നോട്ട് വെച്ച് ബസ്സിൽ ടിക്കറ്റ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ കണ്ടക്ടർ വെൺപാലവട്ടത്തിന് സമീപത്ത് ബെൽ അടിച്ച് ബസ്സ് നിറുത്തി. തുടര്‍ന്ന് തന്നെ ബസില്‍ നിന്നും ഇറക്കി വിടുകയായിരുന്നു എന്ന് കുട്ടി പറയുന്നു. പൊരിവെയിലത്ത് ബൈപ്പാസിൽ കുട്ടിയെ ഇറക്കി വിട്ട് ബസ് പോയി. തുടർന്ന് അര മണിക്കൂറോളം അടുത്ത ബസ്സിനായി കാത്ത് നിന്നെങ്കിലും ബസ് കിട്ടിയില്ല. ദാഹിച്ചും വിശന്നും ആകെ തളർന്നപ്പോൾ അത് വഴി വന്ന ഇരുചക്ര വാഹനത്തിന് കൈ കാണിച്ച കുട്ടി ചാക്ക വരെ ഈ ബൈക്കിൽ പോയി. അവിടെ നിന്ന് രണ്ട് കിലോമീറ്ററോളം നടന്നാണ് കുട്ടി വീട്ടിൽ എത്തിയത് എന്ന് പിതാവ് പറഞ്ഞു.
വനിതാ കണ്ടക്ടറുടെ നടപടി വിവാദമായതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിൽ നിന്ന് ഫോണിലൂടെ മൊഴി ശേഖരിച്ചു എന്നും എന്നാൽ ബസ്സും ജീവനക്കാരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത് എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം വിദ്യാർഥിയെ നടുറോഡിൽ ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ നടപടിക്കെതിരെ മുന്‍ ഗതാഗത മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്തെത്തി. സ്വന്തം മകനാണെങ്കിൽ ഇങ്ങനെ ഇറക്കി വിടുമോ അവരെന്നും തമിഴ്നാട്ടിലെ ബസുകളിലെ ജീവനക്കാരെ കണ്ട് പഠിക്കണമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.
Read More : പണമില്ല, ലോട്ടറി വേണ്ടെന്ന് പറഞ്ഞു; ടിക്കറ്റ് കടമായി നൽകി യുവതി; ചുമട്ടു തൊഴിലാളിക്ക് അടിച്ചത് 75 ലക്ഷം !