
തിരുവനന്തപുരം : ഭാര്യ ഹോർലിക്സിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും പാറശാല പൊലീസ് കേസെടുത്തില്ല എന്ന് കെഎസ്ആർടിസി ഡ്രൈവർ. പാറശ്ശാല സ്വദേശിയായ സുധീർ ആണ് പാറശ്ശാല പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആറുമാസം മുമ്പ് പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് ഇത് വരെ കേസെടുത്തിട്ടില്ലെന്ന് സുധീർ
ആരോപിച്ചു.
ശിവകാശി സ്വദേശിനിയായ ഭാര്യ, ആൺസുഹൃത്തിനൊപ്പം ചേർന്ന് ഹോർലിക്‌സിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി. തനിക്ക് ഇടയ്‌ക്കിടയ്‌ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് സുധീർ പറയുന്നു. ഒരിക്കൽ വീട്ടിൽ നിന്ന് ഹോർളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശ്ശാല ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിയുകയും ചെയ്തുവെന്ന് സുധീർ പറയുന്നു.
പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വീട്ടിൽ നിന്ന് സിറിഞ്ചും അലൂമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്.
വിഷം തമിഴ്നാട്ടിൽ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തന്റെ പക്കൽ തെളിവുണ്ടെന്നും സുധീർ പറയുന്നു. ഭാര്യ വീട്ടിൽ നിന്ന് പോയ ശേഷം അവരുടെ വസ്ത്രങ്ങൾ ഒഴിവാക്കുമ്പോഴാണ് വിഷം കണ്ടെത്തിയത്. അലൂമിനിയം ഫോസ്ഫെയ്ഡ് ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് സുധീർ കൂട്ടിച്ചേർത്തു. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും സുധീർ ആരോപിക്കുന്നു.
Read More : വിവാഹപ്പിറ്റേന്ന് ആദിവാസി യുവതി മരിച്ചത് വിഷപ്പൊടി ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam