
കോഴിക്കോട്: ചുമയ്ക്കുള്ള ഹോമിയോ മരുന്ന് കഴിച്ച് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. പതിവ് പരിശോധനയുടെ ഭാഗമായി ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആവുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി കെ ഷിബീഷിനാണ് ഈ ദുര്‍വിധിയുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ 6.15ഓടെയാണ് ഷിബീഷ് ജോലിക്കെത്തിയത്. കോഴിക്കോട്-മാനന്തവാടി റൂട്ടിലായിരുന്നു സര്‍വീസ് നടത്തേണ്ടിയിരുന്നത്. ഇതിനായി പാവങ്ങാട് ഡിപ്പോയില്‍ നിന്നും ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിച്ചു. ഇവിടെ വച്ചാണ് ബ്രീത്ത് അനലൈസറില്‍ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്‍പത് യൂണിറ്റ് രേഖപ്പെടുത്തിയ ഫലമാണ് കാണിച്ചത്. ഇതോടെ ബസ് എടുക്കേണ്ടെന്ന് മേലുദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നു.
ബ്രീത്ത് അനലൈസറില്‍ പൂജ്യം രേഖപ്പെടുത്തിയാല്‍ മാത്രമേ ജോലിയെടുക്കാന്‍ സമ്മതിക്കാവൂ എന്ന ഉത്തരവാണ് ഇദ്ദേഹത്തിന് വിനയായത്. ഹോമിയോ മരുന്ന് കഴിച്ച കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. താന്‍ ഇന്നേവരെ മദ്യപിക്കാത്ത ആളാണെന്നും ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷിബീഷ് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു. തുടര്‍ന്ന് നടക്കാവ് പൊലീസും സ്ഥലത്തെത്തി. 30 യൂണിറ്റില്‍ അധികം കാണിച്ചാല്‍ മാത്രമേ തുടര്‍ നടപടിയെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു പൊലീസ് നിലപാട്. ഒടുവില്‍ ജോലി എടുത്ത ശേഷം ഇന്ന് എംഡിയെ കാണാന്‍ മേലുദ്യോഗസ്ഥര്‍ ഷിബീഷിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ എംഡിയെ കണ്ട ശേഷമേ ജോലിയില്‍ കയറുന്നുളളൂ എന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിച്ചേരുകയായിരുന്നു. എംഡിയെ കാണുന്നതിനായി ഷിബീഷ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 12 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്തുവരികായാണ് ഷിബീഷ്. ശ്വാസ പരിശോധനാ ഫലത്തില്‍ പരാജയപ്പെട്ടതിനാല്‍ നേരത്തെയും നിരവധി പേര്‍ ഇത്തരത്തില്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam