രോഗിയായ യാത്രക്കാരന് സീറ്റും നൽകിയില്ല, സ്റ്റോപ്പിലും ഇറക്കിയില്ല; ആനവണ്ടിക്ക് എട്ടിന്റെ പണി, 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

Published : Apr 25, 2026, 08:39 PM IST
KSRTC

Synopsis

രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സി ബസിന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ 30,000 രൂപ പിഴ ചുമത്തി. 

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തിൽ ബസിന് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. മുഹമ്മദ് സൈനുദ്ദീൻ തൃശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസിൽ കയറിയത്. ബസിൽ കയറിയ ശേഷമാണ് ഇരിക്കാൻ സീറ്റൊഴിവില്ലെന്ന് മനസിലായത്.

രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ തൃശൂരിൽ നിന്നും സീറ്റു കിട്ടുമെന്നറിയിച്ചു. തുടർന്ന് കൊളപ്പുറത്തേക്ക് ടിക്കറ്റെടുത്തു. തൃശൂരിലെത്തിയപ്പോൾ കുറേ സീറ്റുകൾ ഒഴിഞ്ഞതിൽ ഒരു സീറ്റിൽ പരാതിക്കാരൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി പരാതിക്കാരനോട് സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നും അത് അദ്ദേഹം റിസർവ് ചെയ്തതാണെന്നും അറിയിച്ചു. ബസ് കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു. അതിനിടയിൽ മറ്റ് സീറ്റുകളിൽ യാത്രക്കാർ ഇരുന്നു കഴിഞ്ഞിരുന്നു. ഇതേതുടർന്ന് പരാതിക്കാരന് നിന്ന് യാത്ര ചെയ്യേണ്ടി വന്നു. മാത്രമല്ല പരാതിക്കാരന് ഇറങ്ങേണ്ടിയിരുന്നത് കക്കാട് സ്റ്റോപ്പിലായിരുന്നു. സർവീസ് റോഡിലൂടെ വാഹനം ഓടിക്കാതെ ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനാൽ പരാതിക്കാരന് കൂരിയാട് ഇറങ്ങാനേ സാധിച്ചുള്ളു. ഇതും പരാതിക്കാരന് പ്രയാസങ്ങൾ ഉണ്ടാക്കി. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്.

തൃശൂരിൽ നിന്നും റിസർവ് ചെയ്ത സീറ്റുകൾ സംബന്ധിച്ച കാര്യം പരാതിക്കാരനോട് പറയാതിരുന്നതും യാത്രക്കാരനെ സ്റ്റോപ്പിലിറക്കാതെ പോയതും സേവനത്തിലെ വീഴ്ചയാണെന്ന പരാതിക്കാരന്റെ ആക്ഷേപം ശരിവച്ചാണ് കമ്മീഷന്റെ വിധി. 25,000/ രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും അല്ലാത്ത പക്ഷം ഒൻപത് ശതമാനം പലിശയടക്കം നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ വിദ്യാര്‍ത്ഥിനി സ്ഥിരം യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍, വിവാഹിതൻ, ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് പ്രതിക്ക് 62 വര്‍ഷം കഠിനതടവ്
കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍