
തൃശൂർ: തൃശൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആളൂർ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂർ സെന്റ് ജോസഫ് സ്കൂളിൽ അധ്യാപികയാണ് അമ്മ. പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടെപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്.
അതേസമയം, ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വെളിയങ്കോടായിരുന്നു അപകടമുണ്ടായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അഷ്റഫും കുടുംബാംഗങ്ങളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അഷ്റഫ് ആരോപിക്കുന്നത്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡൊന്നുമുണ്ടായിരുന്നില്ലെന്നും ഇത് കാരണം നേരെ വന്ന് കുഴിലേക്ക് വീണെന്നും അഷ്റഫ് വ്യക്തമാക്കി. ഇനിയാർക്കും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും അഷ്റഫ് ആവശ്യപ്പെടുന്നു. റോഡിലെ സുരക്ഷക്ക് വേണ്ടി ക്യാമറകൾ വയ്ക്കുന്നുവെന്ന് പറയുന്ന സർക്കാർ എന്തുകൊണ്ടാണ് ദേശീയ പാതയിൽ കുഴിയുണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
മഴ തുടങ്ങിയതോടെ സംസ്ഥാനത്തെ റോഡുകൾ പലതും തകർന്ന് അപകടക്കെണിയൊരുങ്ങിയ അവസ്ഥയാണ്. വെള്ളം നിറഞ്ഞ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരാണ് നിത്യേന അപകടത്തിൽപെടുന്നത്. എറണാകുളം കളമശ്ശേരി എടയാർ ആലുവ റോഡിൽ ദിവസേന അരഡസൻ അപകടങ്ങളാണ് കുഴിയിൽ വീണ് ഉണ്ടാകുന്നത്. എടയാറിലെ വ്യവസായ മേഖലയിലേക്കും നെടുമ്പാശേരി വിമാനത്താവളമടക്കമുള്ള സ്ഥലങ്ങളിലേക്കും ഈ റോഡിലൂടെ നിത്യേന പോകുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. പക്ഷേ അപകടക്കുഴിയിലെ അഭ്യാസം കഴിഞ്ഞ് വേണം ലക്ഷ്യത്തിലെത്താനെന്ന് മാത്രം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam