
തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കെ എസ് ആർ ടി സി (KSRTC) ജീവനക്കാർ ജോലി ബഹിഷ്‌കരിച്ച് സമരം നടത്തുന്നതിനിടെ മറ്റൊരു പ്രതിഷേധത്തിന് കൂടി വേദിയായി നെയ്യാറ്റിൻകര കെ എസ് ആർ ടി സി ഡിപ്പോ. കെ എസ് ആർ ടി സി ജീവനക്കാർക്ക് പെൻഷൻ (Pension) നൽകാത്തതിൽ മണ്ണ് തിന്ന് പ്രതിഷേധിക്കുകയായിരുന്നു മുൻ കെ എസ് ആർ ടി സി ഡ്രൈവർ ബാലരാമപുരം അവണാകുഴി സ്വദേശി വത്സലൻ.
നെയ്യാറ്റിൻകര കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിലാണ് വേറിട്ട പ്രതിഷേധം നടന്നത്. വീട് പട്ടിണിയാണെന്നും കഴിഞ്ഞ രണ്ട് മാസമായി പെൻഷൻ മുടങ്ങിയ കാരണത്താൽ ജീവിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലെന്നും വത്സലൻ പറഞ്ഞു. നിയമസഭയിൽ തങ്ങളുടെ ദുരിതം ഉന്നയിക്കാൻ ഒരു പ്രതിപക്ഷ നേതാവ് പോലും ഇല്ലെന്നും വത്സലൻ ആരോപിച്ചു.
മരുന്ന് വാങ്ങാൻ പോലും കയ്യിൽ പണം ഇല്ല. ഇനി ആത്മഹത്യ അല്ലാതെ വേറെ ഒരു മാർഗവും ഇല്ലെന്നും വത്സലൻ പറഞ്ഞു. മണിക്കൂറോളം ഫ്ലക്സും കഴുത്തിലണിഞ്ഞ് നിന്നാണ് വത്സലൻ മണ്ണ് തിന്ന് പ്രതിഷേധിച്ചത്. മുടങ്ങിയ പെൻഷൻ തുക സഹിതം സർക്കാർ നൽകിയില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് തീരുമാനമെന്നും വത്സലൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam