
തിരുവനന്തപുരം: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ മരിച്ചു. പാറശാല ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശി ആർ വി ജയശങ്കറാണ് മരിച്ചത്. ഇന്നലെ കളിയിക്കാവിളയിലെ ഡ്യൂട്ടി പൂർത്തിയാക്കി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. കുറുകുട്ടിക്ക് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ച് എതിരെ വന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ജയശങ്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നതാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ ഷാജു, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാൻ, തമിഴ്നാട് സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉറ്റ സുഹൃത്തുക്കളായിരുന്നു നാല് പേരുമെന്ന് നാട്ടുകാർ പറയുന്നു. എല്ലാവരും അടുത്തടുത്ത വീടുകളിലുള്ളവരാണ്. നേരത്തെയും ഈ രീതിയിൽ യാത്ര പോയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വേളാങ്കണ്ണിയിലേക്ക് യാത്ര പുറപ്പെട്ടത്. പിറ്റേന്ന് രാവിലെയാണ് മരണ വിവരമറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു. ബാലരാമപുരം നെല്ലിമൂട് നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിനായി പുറപ്പെട്ട 7 അംഗ സംഘമാണ് തമിഴ്നാട് തിരുച്ചിറപൂണ്ടിയിൽ വെച്ച് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച വാൻ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. ഷാജു, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവർ തൽക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തമിഴ്നാട്ടിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ ഷാജു, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാൻ, തമിഴ്നാട് സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.