
കൊല്ലം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സ്ത്രീകൾക്ക് മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഗതാഗതവകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് വിവേചനമല്ല. വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. കരുനാഗപ്പള്ളി സ്വദേശി ഇ ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam