സംസ്ഥാനത്ത് കുറുന്തോട്ടിക്ക് കടുത്ത ക്ഷാമം: കൃഷി ആരംഭിച്ച് ഔഷധസസ്യ ബോര്‍ഡ്

By Asianet MalayalamFirst Published May 28, 2019, 7:42 AM IST
Highlights

സംസ്ഥാനത്തെ ഔഷധകമ്പനികള്‍ക്ക് ആവശ്യമുള്ള കുറുന്തോട്ടിയുടെ പത്ത് ശതമാനം പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. 

തൃശ്ശൂര്‍: സംസ്ഥാനത്ത് കുറുന്തോട്ടിക്കു കടുത്ത ക്ഷാമം നേരിട്ടതോടെ കുറുന്തോട്ടി കൃഷിയിലേക്ക് നീങ്ങുകയാണ് ഔഷധ സസ്യ ബോർഡ്. തൃശ്ശൂരിൽ മറ്റത്തൂർ സഹകരണ സംഘവുമായി സഹകരിച്ചാണ് കൃഷി. 30 ഏക്കറിൽ 60 കുടുംബശ്രീ പ്രവർത്തകർ ആണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്.

കുറുന്തോട്ടിയുടെ അശാസ്ത്രീയമായ ശേഖരണവും പ്രളയത്തിൽ ഉണ്ടായ നാശവും ആണ്  ദൗര്‍ലഭ്യത്തിന് കാരണം. ആവശ്യമായ സസ്യങ്ങള്‍ ലഭിക്കാതെ ഔഷധ നിർമാണം തടസ്സപ്പെട്ടു തുടങ്ങിയതോടെയാണ് സസ്യങ്ങൾ കൃഷി ചെയ്യാൻ ഗ്രാമീണം  പദ്ധതി ആവിഷ്കരിച്ചത്. ജില്ലയിൽ കൊടകര, ഒല്ലൂക്കര, ചാലക്കുടി, എന്നിവിടങ്ങളിൽ ആണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. 

സൗജന്യമായാണ് കര്‍ഷകര്‍ക്ക് സംഘം കുറുന്തോട്ടി വിത്തുകള്‍ നല്‍കുന്നത്. കൃഷിക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ഔഷധ സസ്യ ബോര്‍ഡ് നല്‍കും. കിലോയ്ക്ക് 85 രൂപ വില നല്‍കിയാണ് സഹകരണസംഘം കുറുന്തോട്ടി വില്‍ക്കുന്നത്. 

സംസ്ഥാനത്തെ ഔഷധകമ്പനികള്‍ക്ക് ആവശ്യമുള്ള കുറുന്തോട്ടിയുടെ പത്ത് ശതമാനം പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. വെള്ളപ്പൊക്കത്തിന് മുന്‍പ് 30 ടണ്‍ കുറുന്തോട്ടി കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ പത്ത് ടണ്‍ കുറുന്തോട്ടി പോലും കിട്ടുന്നില്ല -  മറ്റത്തൂര്‍ സഹകരണ സംഘം സെക്രട്ടറി പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

click me!