
കുമളി: ഇടുക്കി കുമളിയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവർ സെന്തിൽകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ വാളാർഡി സ്വദേശി ഗുരുസ്വാമിയെയാണ് വീടിന് സമീപത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടത്തിയത്. കുമളി വാളാർഡിക്ക് സമീപം മേൽപരട്ടിലെ കുറ്റിക്കാട്ടിൽ ഓട്ടോ ഡ്രൈവറായ സെന്തിൽ കുമാറിന്‍റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്.
അതേസമയം സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. കടം കൊടുത്ത പണം തിരികെ വാങ്ങാൻ ബന്ധുവായ ഗുരുസ്വാമിയുടെ അടുത്തേക്ക് പോയതായിരുന്നു സെന്തിൽ. ഇയാളെ കാണാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലാണ് ഗുരുസ്വാമിയുടെ വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൽപിടുത്തത്തിന്‍റെ സൂചനകളും രക്തക്കറയും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഗുരുസ്വാമിയെ കാണാതാവുകയും ചെയ്തു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ വീടിന് സമീപത്ത് തന്നെ ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഗുരുസ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സെന്തിൽകുമാർ കടമായി നൽകിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സെന്തിലിന്‍റെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam