
കാസര്‍കോട്: കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് (Kanhangad punjabi seashore) തോണി മറിഞ്ഞ് കടലില്‍പ്പെട്ട് പോയ മൂന്ന് പേരെ അതിസാഹസികമായി രക്ഷിച്ച തായല്മ്മ കുഞ്ഞികൃഷ്ണന്‍ നാടിന്‍റെ ഹീറോയായി. ഇന്ന് പുലര്‍ച്ചെ ആറരയ്ക്കും ഏഴുമണിക്കുമിടയിലാണ് സംഭവം. കാസര്‍കോട് ജില്ലയിലെ പുഞ്ചാവി കടപ്പുറത്താണ് സംഭവം നടന്നത്. രാവിലെ കടലില്‍ പോയ മൂന്ന് പേരടങ്ങുന്ന തോണി ശക്തമായ തിരയില്‍പ്പെട്ട് കടലില്‍ മറിയുകയായിരുന്നു. ഈ സമയം കരയില്‍ ഉണ്ടായിരുന്ന കുഞ്ഞികൃഷ്ണന്‍ ശക്തമായി തിരയടിക്കുന്ന കടലിനെ മറികടന്ന് അതിസാഹസികമായി മൂന്നുപേരെയും രക്ഷിച്ചത്.
ദൃക്സാക്ഷിയായ പ്രവീണിന്‍റെ വാക്കുകളിലേക്ക്...
രാവിലെ ഈ പ്രദേശത്ത് നല്ല കാലാവസ്ഥയായിരുന്നു. ഏതാണ്ട് ആറരയോട് കൂടിയാണ് പ്രജീഷിന്‍റെ ഉടമസ്ഥതയിലുള്ള മാടായിക്കാവിലമ്മ എന്ന് പേരുള്ള ചെറുവള്ളത്തില്‍ രാജന്‍, സുരേശന്‍, വാസവന്‍ എന്നീവര്‍ മീന്‍ പിടിക്കാനായി കടലില്‍ പോയത്. ഞങ്ങളെല്ലാവരും തോണിയെ കടലില്‍ വിട്ട ശേഷം കരയ്ക്ക് നില്‍ക്കുകയായിരുന്നു. ഈ സമയം അപ്രതീക്ഷിതമായി പെട്ടെന്ന് ഒരു വലിയ തിര വന്നു. സാധാരണ ഇത്തരം തിര ഈ തീരത്തുണ്ടെങ്കിലും അത്ര ശക്തമായി അടിക്കുന്നത് വളരെ കുറവാണ്. കടലിന്‍റെ ആഴം കൂടുതലുള്ള ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ വലിയ തിരകളുണ്ടാകുന്നത്. ആദ്യത്തെ തിരയില്‍ നിന്ന് തോണി രക്ഷപ്പെടുന്നത് കരയില്‍ നിന്ന ഞങ്ങള്‍ കണ്ടതാണ്.
എന്നാല്‍, പെട്ടെന്ന് തന്നെ അതിനേക്കാള്‍ വലിയൊരു തിര വരികയും തിരയുടെ ശക്തിയില്‍ മൂന്നുപേരും തോണിയോടൊപ്പം കടലില്‍ മറിയുകയായിരുന്നു. ഈ സമയം ഞങ്ങളുടെ കൂടെ കരയ്ക്ക് നില്‍ക്കുകയായിരുന്ന തായല്മ്മ കുഞ്ഞികൃഷ്ണന്‍ എന്ന മത്സ്യത്തൊഴിലാളി ശക്തമായ തിരയടിക്കുന്ന കടലിലേക്ക് സാഹസീകമായി എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് മൂന്ന് തവണയായി അദ്ദേഹം വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെയും അതിസാഹസികമായി രക്ഷിച്ച് കരയ്ക്കെത്തിച്ചു. തുടര്‍ന്ന് റോപ്പുമായി പോയി ആദ്യം വള്ളവും പിന്നാലെ വലയും അദ്ദേഹം കരയ്ക്കെത്തിച്ചു.
"
നിലവില്‍ കാഞ്ഞങ്ങാട് പ്രദേശത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹാര്‍ബറില്ല. നീലേശ്വരം കഴിഞ്ഞാല്‍ മഞ്ചേശ്വരത്താണ് നല്ലാരു ഹാര്‍ബര്‍ ഉള്ളത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഏറെ കഷ്ടപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ ഇവിടെ നിന്നും കടല്‍ പോകുന്നത്. കൂടിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങി ബോട്ടോടിച്ച് പോയാല്‍ തന്നെ അന്നന്നത്തെ വകയ്ക്കുള്ളത് തന്നെ കിട്ടിയെന്ന് വരില്ല. പിന്നെ ഇത്തരം ചെറുവള്ളങ്ങളാണ് ആശ്രയം. മണ്ണെണ്ണ വില വര്‍ദ്ധനയും കടലിലെ മത്സ്യസമ്പത്തില്‍ സംഭവിച്ച ഭീമമായ കുറവും മറ്റും തൊഴിലാളികളെ ഈ പണിയില്‍ നിന്നും പിന്നോട്ടടിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.
ഇന്ന് കടലില്‍പ്പെട്ട വാസവന്‍ രണ്ട് വര്‍ഷം മുമ്പും കടലില്‍പ്പെട്ടയാളാണ്. അന്ന്, ഒരു ദിവസത്തിന് ശേഷമാണ് നേവിയുടെ കപ്പല്‍ വന്ന് അദ്ദേഹത്തെ രക്ഷിച്ച് കൊച്ചിയിലേക്ക് കൊണ്ടുപോയത്. ആ സംഭവത്തില്‍ വാസവന് ലക്ഷങ്ങള്‍ വിലയുള്ള വള്ളവും വലയും നഷ്ടമായി. എന്നാല്‍, സര്‍ക്കാരില്‍ നിന്ന് ഒരു സഹായം അദ്ദേഹത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനിടെയാണ് വീണ്ടും അപകടം നടന്നത്. ഇത്തവണ കുഞ്ഞികൃഷ്ണന്‍ ഉള്ളതിനാല്‍ ആളുകളുടെ ജീവനും വള്ളവും വലയും രക്ഷിക്കാനായി. ചെറുതോണി പണിയെന്നാല്‍ സീസണ്‍ പണിയാണ്. എപ്പോഴും ചെറുതോണിയില്‍ കടല്‍പ്പണിക്ക് പോകാന്‍ കഴിയില്ലെന്നും സംഭവത്തിന് ദൃക്സാക്ഷിയായ പ്രവീണ്‍ പറയുന്നു.