അരിമ്പ്ര പാടത്ത് കരിമ്പും വിളയുമെന്ന് തെളിയിച്ച കുഞ്ഞിപ്പോക്കർ

By Web TeamFirst Published Feb 16, 2019, 12:19 PM IST
Highlights

ജല ലഭ്യതയേറിയ മേഖലകളിൽ മാത്രം വിളയുന്ന നല്ല നിരോട് കൂടിയ മുന്തിയ ഇനം കരിമ്പ് വ്യാവസായികാടിസ്ഥാനത്തിൽ തന്നെ വിളയിക്കാന്‍ പറ്റുമെന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത് തെളിയിച്ചിരിയ്ക്കുകയാണ് അരിമ്പ്രക്കാരനായ എം.ടി.കുഞ്ഞിപ്പോക്കർ എന്ന കർഷകൻ.
 

മൊറയൂർ: മലപ്പുറം ജില്ലയിലെന്നല്ല കേരളത്തിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ കൃഷിയും കർഷകരുമുള്ള നാടാണ് മൊറയൂർ പഞ്ചായത്തിലെ അരിമ്പ്ര. ഇവിടത്തെ പൊന്നു വിളയും പാടത്ത് ഉത്തരേന്ത്യയിലെയും തമിഴ്നാട് കർണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ജല ലഭ്യതയേറിയ മേഖലകളിൽ മാത്രം വിളയുന്ന നല്ല നിരോട് കൂടിയ മുന്തിയ ഇനം കരിമ്പ് വ്യാവസായികാടിസ്ഥാനത്തിൽ തന്നെ വിളയിക്കാന്‍ പറ്റുമെന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത് തെളിയിച്ചിരിയ്ക്കുകയാണ് അരിമ്പ്രക്കാരനായ എം.ടി.കുഞ്ഞിപ്പോക്കർ എന്ന കർഷകൻ.

പാട്ട ഭൂമിയിൽ പല കാർഷിക വിളകളും നൂറുമേനി വിളയിക്കുന്ന അരിമ്പ്രയിലെ ഒട്ടനവധി കർഷകരിൽ ഒരാളാണ് അരിമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിയ്ക്കുന്ന മൊല്ലത്തൊടുവിൽ വീട്ടിൽ എം.ടി.കുഞ്ഞിപ്പോക്കർ എന്ന ഈ അറുപത്തഞ്ചുകാരൻ.
 
പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിലൊന്നായ  'അത്തിമണ്ണ് പാടത്ത്' സ്വപ്രയത്നം ചെയ്തും അത്യാവശ്യത്തിന് മാത്രം കൂലിയ്ക്ക് ആളെ വച്ചും നെല്ലും, വാഴയും, കപ്പയും, പീച്ചിക്ക, കോവക്ക, പയറ്, വെണ്ട, പാവക്ക, പടവലം, വെള്ളരി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും മാറി മാറി കൃഷി ചെയ്യുന്നതിനിടയിലാണ്, കുഞ്ഞിപ്പോക്കർ തുടര്‍ച്ചയായ രണ്ടു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും കരിമ്പ് ചെടികൾ തന്റെ മറ്റു കൃഷികൾക്കിടയിൽ നട്ടു പിടിപ്പിച്ചത്.

നട്ട കരിമ്പിൻ ചെടികളെല്ലാം നന്നായി വളർന്നു. കണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം ഉത്സവ-പൂജാവേളകളില്‍ നമ്മുടെ വിപണികളിലെത്തുന്ന നല്ല  ഒന്നാന്തരം നീരും മധുരവുമുള്ള കറുപ്പ് നിറത്തിലുള്ള കരിമ്പുകളായിരുന്നു കുഞ്ഞിപ്പോക്കര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടത്.
 അരിമ്പ്രയിലെ ജല സമൃദ്ധവും ഈർപ്പം നിലനിൽക്കുന്നതുമായ പാടങ്ങളിൽ വേണമെങ്കിൽ വ്യാവസായികാടിസ്ഥാനത്തിൽ തന്നെ കരിമ്പ് കൃഷി ചെയ്യാമെന്നാണ് കുഞ്ഞിപ്പോക്കര്‍ പറയുന്നത്.

കേരളാ ടൂറിസം മാപ്പിൽ ഇടം പിടിച്ച മിനി ഊട്ടി സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിലൊന്നായ അരിമ്പ്ര മലയുടെയും തുടർച്ചയായി നീണ്ടു വളഞ്ഞ് കിടക്കുന്ന ചെറു കുന്നുകളുടെയും വലിയ പാട ശേഖരമാണ് അരിമ്പ്ര പാടം. ഇവിടത്തെ കാർഷിക വിഭവങ്ങൾക്ക് ജില്ലയ്ക്കകത്തും പുറത്തുമായി സംസ്ഥാനത്തെ പല പ്രധാന കമ്പോളങ്ങളിലും വിദേശ രാജ്യങ്ങളിൽ പോലും പ്രിയമേറെയാണ്. ഇവിടെ വിളയുന്ന നേന്ത്രക്കായ, കോവക്ക, പീച്ചിക്ക, പയറ് തുടങ്ങിയവ കോഴിക്കോട് വിമാനത്താവളം വഴി വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

അരിമ്പ്രമലയുടെ സ്വാധീനമാണ് ഈ ഭൂപ്രദേശം ഭൂഗർഭ- ഉപരിതല ജല ലഭ്യതയാലും നല്ല വളക്കൂറിനാലും നല്ല കാലവസ്ഥയാലും എല്ലായിനം വിളകൾക്കും അനുകൂലമാക്കുന്നത്. അരിമ്പ്രയിലെ പുതിയ തലമുറയിലെ കർഷകരായ പുല്ലൻ റസാഖ്, കുണ്ടോളൻ കുഞ്ഞഹമ്മദ്, സുകുമാരൻ, സി.സി ജയരാജൻ, വാസു, വെണ്ണേങ്കോടൻ മമ്മദീശക്കുട്ടി, എൻ.കെ മൂസ, പ്രമഞ്ചായത്തംഗം കൂടിയായ പൊറ്റമ്മൽ സുനീറ, അടിമാറി മമ്മദ്, കണ്ണൻ തൊടു കുഞ്ഞാപ്പു തുടങ്ങിയവരെല്ലാം ജില്ലാ കൃഷി വകുപ്പിന്റെയും, സംസ്ഥാന കൃഷിവകുപ്പിന്റെയും അംഗീകാരങ്ങൾ ലഭിച്ചവരാണ്.

click me!