
കുട്ടനാടിന്‍റെ രക്ഷയ്ക്കെന്ന പേരിൽ രണ്ട് വർഷത്തോളമായി ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ നീക്കം തകൃതിയാണെങ്കിലും സ്പിൽവേയുടെ വികസനം മാത്രം നടക്കുന്നില്ല. 40 ഷട്ടറുകളിൽ മിക്കവയും തകരാറിലാണ്. പ്രളയജലം ഒഴുകിവരേണ്ട ലീഡിംഗ് ചാനലിന്‍റെ ആഴംകൂട്ടലും എങ്ങുമെത്തിയില്ല.
ആവശ്യംപോലെ കരിമണലാണ് കെഎംഎംഎല്ലും ഐആർഇയും തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് കൊണ്ടുപോകുന്നത്. മഹാപ്രളയത്തിന് ശേഷമുള്ള രക്ഷാനടപടിയെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. എന്നാൽ കരിമണൽ നീക്കത്തനൊപ്പം പ്രഖ്യാപിച്ച സ്പിൽവേ വികസനം എങ്ങുമെത്തിയില്ല.
കുട്ടനാട്ടിൽ ഇത്തവണ ജലനിരപ്പ് ഉയർന്നപ്പോഴും പെടാപ്പാട് പെട്ട് ജെസിബികൾ ഉപയോഗിച്ചാണ് ജില്ലാഭരണകൂടം ഷട്ടറുകൾ പൊക്കിയത്. അറ്റകുറ്റപ്പണി നടത്താതെ ജലസേചനലകുപ്പ്, ഉഴപ്പിയതിന്‍റെ ഫലം.
ഇനി ലീഡിംഗ് ചാനലിന്‍റെ അവസ്ഥ നോക്കുക. കിഴക്കൻവെള്ളവുമായി എത്തുന്ന പമ്പയും അച്ചൻകോവിലാറും ഒന്നുചേരുന്ന സ്ഥലമാണ് വീയപുരം. അവിടെ നിന്ന് തോട്ടപ്പള്ളി വരെ കുട്ടനാട്ടിലെ പ്രളയജലം ഒഴുകിവരേണ്ട വഴിയാണിത്. എന്നാൽ മണ്ണും ചെളിയും അടിഞ്ഞു കിടക്കുന്ന ചാനലിന്‍റെ ആഴംകൂട്ടുൽ തുടങ്ങിയെങ്കിലും നിലച്ചുപോയി.
കേന്ദ്ര ജലകമ്മീഷൻ അടക്കം നിർദേശിച്ച പ്രളയരക്ഷാ നടപടിയാണ് സ്പിൽവേ വികസനവും ലീഡിംഗ് ചാനലിന്‍റെ ആഴംകൂട്ടലും. ഐഐടിയുടെ പഠന റിപ്പോർട്ട് വരാനുണ്ട്, സമഗ്ര വികസനത്തിന് കരാറായി തുടങ്ങി ജലസേചന വകുപ്പിന് പറയാൻ ഇങ്ങനെ കാരണങ്ങൾ പലതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam