ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ചു, ലേബർ കോടതി ജീവനക്കാരൻ പിടിയിൽ

By Web TeamFirst Published Aug 29, 2021, 10:24 AM IST
Highlights

സാലറി സർട്ടിഫിക്കറ്റിൽ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ടാണ് ഇയാൾ തേവള്ളി എസ്ബിഐ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ചത്. 

കൊല്ലം: ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച  കേസിൽ ലേബർ കോടതി ജീവനക്കാരൻ പിടിയിൽ. കൊല്ലം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വർക്കല മേലേവെട്ടൂർ വിളഭാഗം സ്വദേശിയായ മംഗലത്ത് വീട്ടിൽ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ൽ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്. സാലറി സർട്ടിഫിക്കറ്റിൽ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ടാണ് ഇയാൾ തേവള്ളി എസ്ബിഐ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ചത്. 

സാലറി സർട്ടിഫിക്കറ്റിന്റെ കൺഫർമേഷനായി സർട്ടിഫിക്കറ്റ് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ജഡ്ജി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒപ്പ് അംബികയുടേതല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് എസ് ഐ ഐവി ആശ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

പരാതിയിൽ കേസെടുത്തതോടെ അനൂപിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ തിരികെ പ്രവേശിച്ച ഇയാൾക്ക് പത്തനംതിട്ട ലേബർ കോടതിയിലേക്ക് മാറ്റം ലഭിച്ചു. തെളിവുകൾ ലഭിച്ചതോടെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും അനൂപ് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പിന്നാലെ വർക്കലയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അനൂപിനെ പൊലീസ് പിടികൂടി. 


 

click me!