അനസ്തീഷ്യ നല്‍കിയ യുവതിക്ക് ഒരാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല; ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

By Web TeamFirst Published Nov 13, 2018, 12:14 AM IST
Highlights

സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തീഷ്യ നല്‍കിയ  യുവതിക്ക് ഒരാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല. ബന്ധുക്കളുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.
 

തൃശൂര്‍: തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തീഷ്യ നല്‍കിയ  യുവതിക്ക് ഒരാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല. ബന്ധുക്കളുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി മേലൂര്‍ സ്വദേശി റിൻസണിൻറെ ഭാര്യ അനീഷയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുതുകിൽ കുരുവുമായെത്തിയ അനീഷയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടര്‍ന്ന് അനസ്തീഷ്യ നല്‍കിയപ്പോള്‍ അനീഷയുടെ കൈ തടിച്ചു വീർക്കുകയും ബോധരഹിതയാവുകയും ചെയ്തതായി വീട്ടുകാർ പറയുന്നു. എന്നാൽ ഇത് വക വെയ്ക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി.

തുടര്‍ന്ന് അനീഷയെ തൃശ്ശൂരിലെ മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക് മാററി. വീട്ടുകാരുടെ പരാതിയിൽ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബാലകൃഷ്ണൻ,ജോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്തീഷ്യ നല്‍കിയതില്‍ മനപൂര്‍വമായ പിഴവുണ്ടായി എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. അനസ്തീഷ്യ നല്‍കിയതിലോ ശസ്ത്രക്രിയ നടത്തിയതിലോ പിഴവുണ്ടായിട്ടില്ലെന്നും എന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

click me!