കാക്കനാട്-പള്ളിക്കര റൂട്ടിൽ കാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലോറി മരത്തിലിടിച്ച് ഡ്രൈവർ മനാഫ് ക്യാബിനുള്ളിൽ കുടുങ്ങി. ഇടിയുടെ ആഘാതത്തിൽ കാലുകളും നെഞ്ചും അമർന്ന മനാഫിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി.
കൊച്ചി: കാക്കനാട്- പള്ളിക്കര റൂട്ടിൽ ലോറി ഓടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മനാഫിന്റെ എതിർ ദിശയിൽ നിയന്ത്രണം വിട്ട് ഒരു കാർ പാഞ്ഞെത്തിയത്. അപകടം ഒഴിവാക്കുന്നതിനായി മനാഫ് മിനി ടിപ്പർ ലോറി വെട്ടിച്ചു. എന്നാൽ കാറിൽ തട്ടിയ ശേഷം ലോറി മരത്തിലേക്ക് പാഞ്ഞുകയറി. ലോറിയുടെ മുൻ ഭാഗം മരത്തിലേക്ക് അമരുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവർ മനാഫിന്റെ ഇരു കാലുകളും നെഞ്ചും ക്യാബിനിൽ അമർന്നു. രണ്ട് കാലുകളും ലോറിയുടെ യന്ത്ര ഭാഗങ്ങൾക്കിടയിലും സ്റ്റിയറിംഗ് വയറിലും അമർന്നു. ശരീരം ഒരടിപോലും അനക്കാനും സാധിച്ചില്ല.
പുറത്ത് കടക്കാൻ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ശ്രമിക്കും തോറും വേദന കൂടുകയും ചെയ്തു. മരണ വേദനയാണ് ആ സമയത്ത് അനുഭവിച്ചതെന്ന് മനാഫ് പറയുന്നു. ഒടുവിൽ തൃക്കാക്കര അഗ്നിരക്ഷാ സേനയെത്തി സ്റ്റിയറിംഗ് വീൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി. സൈഡിലെ സീറ്റ് പൊളിച്ച് മാറ്റിയ ശേഷം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വാഹനം പിറകിലേക്ക് വലിച്ച് നീക്കി. ക്യാബിന്റെ മുകൾ ഭാഗവും മുൻ ഭാഗവും വെട്ടി നീക്കിയാണ് ഡ്രൈവറെ പുറത്തേക്ക് എടുത്തത്. മനാഫിനെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാക്കനാട് പള്ളിക്കര റോഡിൽ മനയ്ക്ക കടവ് പാലത്തിന് സമീപമായിരുന്നു അപകടം. ലോറിയിൽ സിമന്റ് കട്ടകൾ കയറ്റി കാക്കനാട്ടേക്ക് പോവുകയായിരുന്നു മനാഫ്. തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി വിനുരാജിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
