
കോഴിക്കോട് : ഗൂഗിൾ പേ വഴി പണമിട്ടെന്ന് വ്യാജസ്ക്രീൻ ഷോട്ട് കാണിച്ച് കബളിപ്പിച്ച കേസിൽ പിടിയിലായ യുവതിയും യുവാവും സ്ഥിരമായി തട്ടിപ്പ് നടത്തുന്നത് എടിഎം കേന്ദ്രീകരിച്ചെന്ന് കണ്ടെത്തൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീമും കുറ്റിക്കാട്ടൂർ സ്വദേശി അനീഷയും എടിഎം കേന്ദ്രീകരിച്ച് ആസൂത്രിതമായി പണം തട്ടുന്നവരാണെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് പറയുന്നത്.
ആരെങ്കിലും എടിഎമ്മിൽ പണമെടുക്കാൻ വന്നാൽ, രണ്ടാളും കൌണ്ടറിൽ കയറും. സ്വന്തം വാലറ്റ് പരിശോധിക്കും. വന്നയാൾ കേൾക്കെ എടിഎം മറന്നുവെന്ന് പറയും. ശേഷം കുറച്ച് പണം തരാമോ, ഗൂഗിൾ പേ വഴി തിരിച്ചിടാമെന്നും പറയും. പാവം തോന്നി ചിലരെങ്കിലും പണം കൊടുക്കും. അവർക്ക് മുന്നിൽ പണമയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് ഇരുവരും തടിതടപ്പും.പണം നൽകിയ വ്യക്തി അക്കൌണ്ട് നോക്കുമ്പോഴാകും പറ്റിക്കപ്പെട്ട വിവരം തിരിച്ചറിയുക.
കഴിഞ്ഞ ദിവസംമാവൂർ റോഡിൽ ഒരു എടിഎമ്മിന് മുമ്പിൽ തട്ടിപ്പിന് കോപ്പു കൂട്ടുമ്പോഴാണ് ഇരുവരും പിടിക്കപ്പെട്ടത്. വ്യാഴാഴ്ച മാനാഞ്ചിറയിലുള്ള എസ്ബിഐ എടിഎമ്മിൽ പണം എടുക്കാൻ കയറി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനെയും സമാന രീതിയിൽ ഇരുവരും പറ്റിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. രാത്രിയിലാണ് ഇരുവരും കൂടുതലായി തട്ടിപ്പിന് ഇറങ്ങുന്നതെന്നാണ് കണ്ടത്തൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam