തോട്ടങ്ങള്‍ മുറിച്ചു വില്‍ക്കുന്നതും തരം മാറ്റുന്നതും തടയാന്‍ ലാന്‍ഡ്ബോര്‍ഡ് കമ്മീഷണറുടെ കത്ത്

By Web TeamFirst Published Jun 16, 2019, 5:51 PM IST
Highlights

തോട്ടങ്ങള്‍ വ്യാപകമായി മുറിച്ചു വില്‍പ്പന നടത്തുന്നത് കാട്ടി ബി ജെ പി പീരുമേട് നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് സി സന്തോഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ് ലാന്‍ഡ് ബോര്‍ഡിന്റെ നടപടി

ഇടുക്കി: തോട്ടങ്ങള്‍ മുറിച്ചു വില്‍ക്കുന്നതും തരം മാറ്റുന്നതും തടഞ്ഞു കൊണ്ട് പീരുമേട് സബ് റെജിസ്ട്രാര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് കമ്മീഷണര്‍ കത്ത് നല്‍കി. കൈമാറിയ സ്ഥലങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നതിന് തഹസില്‍ദാര്‍ മുഖേന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

തോട്ടം ഭൂമി വ്യാപകമായി മുറിച്ചു വില്‍പന നടത്തുന്നുവെന്ന പരാതിയിലാണ് നടപടി. പീരുമേട് താലുക്കിലെ നീലഗിരി, ബോണാമി, എം.ജെ പ്ലാന്റെഷന്‍ എന്നി തോട്ടങ്ങളില്‍ കേരളാ ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമി കൈമാറ്റം തടഞ്ഞു കൊണ്ടാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി കത്ത് നല്‍കിയിരിക്കുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ സെക്ഷന്‍ 87 പ്രകാരം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് വഴി നടപടി സ്വീകരിക്കും.

തോട്ടങ്ങള്‍ വ്യാപകമായി മുറിച്ചു വില്‍പ്പന നടത്തുന്നത് കാട്ടി ബി ജെ പി പീരുമേട് നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് സി സന്തോഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ് ലാന്‍ഡ് ബോര്‍ഡിന്റെ നടപടി. വാഗമണ്‍ വില്ലേജിലാണ് വ്യാപകമായി ഭൂമി മറിച്ച് വില്‍പ്പന നടക്കുന്നത്. ഏക്കറുകണക്കിന് തോട്ടംഭൂമി പരസ്യമായി മുറിച്ചു വില്‍പ്പന നടത്തുന്നതിന് തൊഴിലാളി യുണിയനുകളുടെയും റവന്യൂ ആധികൃതരുടെയും പിന്തുണയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

തോട്ടം ഭൂമികള്‍ മുറിച്ചു വില്‍ക്കുകയോ തരം മറ്റാനോ പാടില്ലന്ന നിയമം നിലനില്‍ക്കെയാണ് തേയില ചെടികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പിഴുതുമാറ്റി കെട്ടിടങ്ങള്‍ പണിയാന്‍ നിലം ഒരുക്കുന്നത്. എന്നാല്‍ ഭൂമി തരം മാറ്റുന്നതിനെ സംബന്ധിച്ചും മുറിച്ചു വില്‍പ്പനയെ കുറിച്ചും പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് റവന്യു വകുപ്പ് നല്‍കുന്ന വിശദീകരണം.    

click me!