ഭൂപ്രശ്നവും ഉദ്യോഗസ്ഥരുടെ കാലതാമസവും; ഒരു സംരംഭകന്‍റെ സ്വപ്നം കാടുകയറി നശിക്കുന്നു

By Web TeamFirst Published Jul 25, 2021, 1:54 PM IST
Highlights

2015 ൽ കെട്ടിടനിര്‍മാണ അനുമതിക്കായി പുത്തൻവേലിക്കര പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഭൂമി തരംമാറ്റാതെ അനുമതി നൽകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി, അപേക്ഷ നിരസിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷിച്ച് തീരുമാനം എടുക്കാൻ ആര്‍ഡിഒയ്ക്ക് കോടതി നിര്‍ദേശം നൽകി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ഒടുവിൽ 2021 ജനുവരിയിൽ റിജീഷിന്‍റെ ഭൂമിയിൽ വ്യവസായം തുടങ്ങാൻ തടസ്സമില്ലെന്ന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഉത്തരവ് നൽകി.

കൊടുങ്ങല്ലൂർ സ്വദേശി റിജീഷിന്‍റെ ഓവൻ നിർമ്മാണ ഫാക്ടറിയെന്ന സ്വപ്നത്തിന് വില്ലനായത് ഭൂപ്രശ്നം. എറണാകുളം പുത്തൻവേലിക്കരയിൽ ഫാക്ടറി സ്ഥാപിക്കാനായി വാങ്ങിയ ഭൂമി ഡാറ്റാ ബാങ്കിൽ ഇല്ലെന്ന് തീർപ്പാക്കാൻ റവന്യൂ വകുപ്പെടുത്തത് എട്ടു വർഷമാണ്. ഇതോടൊപ്പം, പെര്‍മിറ്റ് നൽകാതെ പഞ്ചായത്തും വട്ടംകറക്കുന്നുണ്ട് റിജീഷിനെ. സംരംഭത്തിനായി ലക്ഷങ്ങൾ മുടക്കിയിട്ടും ഇനിയും ഫാക്ടറി തുടങ്ങാനാകാത്ത റിജീഷ് ജപ്തിയുടെ വക്കിലാണ്.

2014ലാണ് റിജീഷ് എറണാകുളം പുത്തൻവേലിക്കരയിൽ 28 സെന്‍റ് സ്ഥലം വാങ്ങിയത്. നികത്തിയ ഭൂമിയായിരുന്നെങ്കിലും ആധാരത്തിലും റവന്യൂ രേഖകളിലും നിലം എന്ന് രേഖപ്പെടുത്തിയിരുന്നു. 2015 ൽ കെട്ടിടനിര്‍മാണ അനുമതിക്കായി പുത്തൻവേലിക്കര പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഭൂമി തരംമാറ്റാതെ അനുമതി നൽകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി, അപേക്ഷ നിരസിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷിച്ച് തീരുമാനം എടുക്കാൻ ആര്‍ഡിഒയ്ക്ക് കോടതി നിര്‍ദേശം നൽകി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ഒടുവിൽ 2021 ജനുവരിയിൽ റിജീഷിന്‍റെ ഭൂമിയിൽ വ്യവസായം തുടങ്ങാൻ തടസ്സമില്ലെന്ന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഉത്തരവ് നൽകി. സ്ഥലം ഡാറ്റാ ബാങ്കിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. 

ഇതിനിടെ റിജീഷ് കെ-സിഫ്റ്റ് ഏകജാലക സംവിധാനത്തിലൂടെ ഫാക്ടറിക്ക് ലൈസൻസ് നേടി. എക്സ്പോര്‍ട്ട് ലൈസൻസും ചെറുകിട ലൈസൻസും എടുത്തു. സഹികെട്ട് റിജീഷ് താൽക്കാലിക കെട്ടിടം പണിതിരുന്നു. കെ- സ്ഥിഫ്റ്റ് അനുമതിയുടെ ബലത്തിൽ ഫാക്ടറി ഭാഗികമായി പ്രവർത്തനം തുടങ്ങി.പക്ഷേ പെര്‍മിറ്റ് ഇല്ലാത്തതിനാൽ പഞ്ചായത്ത് തടയുകയായിരുന്നു. ആർഡിഒ ഉത്തരവ് കിട്ടിയതോടെ പെര്‍മിറ്റ് കിട്ടാൻ വീണ്ടും പ‍ഞ്ചായത്തിനെ സമീപിച്ചു. വ്യവസായ ചട്ടപ്രകാരം രണ്ട് ശൗചാലയങ്ങൾ പണിതാൽ അനുമതി നൽകാമെന്ന് പഞ്ചായത്ത് പരിശോധനയ്ക്ക് ശേ ഷം മറുപടി നൽകി. ഒരു സംരംഭകന്‍റെ നീണ്ട എട്ടു വര്‍ഷം നഷ്ടമായതിനെകുറിച്ച് ചോദിക്കുമ്പോൾ നിയമങ്ങൾ കൃത്യമായി പാലിക്കുക മാത്രമാണ് ചെയ്തതെന്ന് റവന്യൂ - പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!