12 വർഷം താമസിച്ച വാടക വീട്, നാട്ടിലേക്ക് പോയ സമയത്ത് തകർത്തു, വീട്ടുപകരണങ്ങളടക്കം വലിച്ചെറിഞ്ഞു, പരാതി

Published : Mar 18, 2026, 08:18 PM IST
rent house

Synopsis

തൃശൂർ കുരീച്ചിറയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയി മടങ്ങിയെത്തിയ ദമ്പതികളുടെ വാടകവീട് ഹിറ്റാച്ചി ഉപയോഗിച്ച് പൂർണ്ണമായും തകർത്തു.  

തൃശൂർ: ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിൽ പോയ സമയത്ത് താമസിച്ചിരുന്ന വാടകവീട് ഹിറ്റാച്ചി ഉപയോഗിച്ച് തകർക്കുകയും വീട്ടുപകരണങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പരാതി. തൃശൂർ കുരീച്ചിറ മാവേലി നഗറിൽ 12 വർഷമായി താമസിക്കുന്ന മധുര സ്വദേശികളായ മുരുകനും ഭാര്യ ശാന്തിയുമാണ്  ദുരനുഭവത്തിന് ഇരയായത്. ഫെബ്രുവരി 8-ന് ബന്ധുവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് പോയ ഇവർ 23-ന് തിരിച്ചെത്തിയപ്പോഴാണ് വീട് പൂർണ്ണമായും തകർത്ത നിലയിൽ കണ്ടത്. വീട്ടുവാടക കൈപ്പറ്റിയിരുന്ന ജോൺസന്റെ സഹോദരി ആലിസ് ഫോണിലൂടെ വിവരം അറിയിച്ചപ്പോഴാണ് തങ്ങളുടെ ആയുഷ്കാല സമ്പാദ്യമെല്ലാം നശിപ്പിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്.

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി തുടങ്ങി വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ വീട്ടുപകരണങ്ങളും പൈതൃകമായി സൂക്ഷിച്ചിരുന്ന വസ്തുക്കളും ഉപയോഗശൂന്യമായ നിലയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും റോഡിലുമായി ചിതറിക്കിടക്കുകയാണ്. വീട്ടുടമയുടെ മക്കളും മരുമക്കളുമാണ് വീട് തകർത്തതെന്ന് അയൽവാസികൾ പറഞ്ഞതായി മുരുകൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപജീവനം നടത്തുന്ന ഈ ദമ്പതികൾക്ക് തിരിച്ചെത്തിയ ശേഷം മൂന്ന് രാത്രികൾ മേൽക്കൂരയില്ലാത്ത വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മഴ നനഞ്ഞ് നിൽക്കേണ്ടി വന്നു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഇവർക്ക് സമീപത്ത് മറ്റൊരു വാടകവീട് ലഭിച്ചത്.

സംഭവത്തിൽ ഒല്ലൂർ പോലീസിനും തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മുരുകൻ ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടും പോലീസ് വസ്തുതകൾ അന്വേഷിക്കാനോ സ്ഥലം സന്ദർശിക്കാനോ തയ്യാറായില്ല. വാടക കൃത്യമായി നൽകി വന്നിരുന്ന തങ്ങളോട് വീട് മാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ അതിന് തയ്യാറാകുമായിരുന്നുവെന്നും, തങ്ങൾ ഇല്ലാത്ത സമയം നോക്കി ഇത്രയും ക്രൂരത കാട്ടിയവർക്കെതിരെ നിയമനടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കിൽ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാവിനെ കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസ്, ഭാര്യയും കാമുകനും കുറ്റക്കാർ
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു