പത്തുദിവസം മുമ്പ് ഇവിടെ സമാനമായ രീതിയിൽ പൂട്ടുപൊളിച്ച് മോഷണശ്രമം നടന്നിരുന്നു. ഇത് രണ്ടാം തവണയാണ് മോഷണ ശ്രമം.

നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം. പൂട്ട് പൊളിച്ചാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിൽ ഒരു തുന്പും കിട്ടാതെ കുഴങ്ങുകയാണ് പൊലീസ്. കോളിയാടിയിലെ നെന്മേനി കൃഷിഭവനിൽ രാവിലെ എത്തിയ ജീവനക്കാരാണ് പ്രധാന വാതിലിന്‍റെ പൂട്ട് പൊളിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് നൂൽപ്പുഴ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി.

പത്തുദിവസം മുമ്പ് ഇവിടെ സമാനമായ രീതിയിൽ പൂട്ടുപൊളിച്ച് മോഷണശ്രമം നടന്നിരുന്നു. ഇത് രണ്ടാം തവണയാണ് മോഷണ ശ്രമം. മൂന്നു ദിവസം മുമ്പ് തൊട്ടുചേർന്നുള്ള വെറ്ററനറി സബ് സെന്ററിന്റെ പൂട്ടും പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടിടത്തു നിന്നും ഇതുവരെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ തുടർച്ചയായി ഇത്തരത്തിൽ മോഷണ ശ്രമം നടക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ജനപ്രതിനിധികൾ ആരോപിക്കുന്നത്.

എന്നാൽ സ്ഥലത്ത് സിസിടിവി പൊലും ഇല്ലാത്തതിനാൽ വെട്ടിലായിരിക്കുകയാണ് നൂൽപ്പുഴ പൊലീസ്. ഫോറൻസിക് വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൃഷിഭവനിൽ നിന്നും വെറ്ററനറി സബ് സെന്‍റെറിൽ നിന്നും എന്ത് മോഷ്ടിക്കാനായിരിക്കും കള്ളൻ എത്തിയിരിക്കുക എന്നതാണ് കൗതുകം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം