
ആലപ്പുഴ: അവസാനഘട്ട നിര്‍മ്മാണം പുരോഗമിക്കുന്ന പെരുമ്പളം പാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ദലീമ ജോജോ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ദ്വീപില്‍ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സര്‍ക്കാരിന്‍റെ കരുതലിന്‍റെ പ്രതീകമാണ് 100 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പാലമെന്ന് എംഎല്‍എ പറഞ്ഞു. പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇപ്പോള്‍ സമീപനപാത നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറോടെ പെരുമ്പളം നിവാസികള്‍ക്ക് പാലം സമര്‍പ്പിക്കാനാകുമെന്നും എംഎല്‍എ പറഞ്ഞു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നേതൃത്വത്തിലാണ് വേമ്പനാട് കായലിന് കുറുകെ പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്ന പദ്ധതിയായ പാലം നിര്‍മ്മിക്കുന്നത്. നിലവില്‍ പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി പെയിന്‍റിംഗ് ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. സമീപന പാതക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. വടുതലഭാഗത്തെ റോഡ് നിര്‍മ്മാണം 95 ശതമാനവും പെരുമ്പളം ഭാഗത്ത് 70 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് നിര്‍മാണം. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകള്‍ നിര്‍മിക്കുന്നത്.
കായലിന് കുറുകെ നിര്‍മ്മിക്കുന്ന കേരളത്തിലെ ഏറ്റവും നീളമേറിയ ഈ പാലം പൂര്‍ത്തീകരിക്കുന്നതോടെ ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ ആദ്യഘട്ടം എന്ന നിലയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ആര്‍ രജിത, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി വി ആശ, ബി വിനോദ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും സന്ദര്‍ശനത്തില്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.
കായലിന് കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വർഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. 3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. പാലം നിര്‍മ്മാണത്തിന് വേണ്ടിവരുന്ന ഭീമമായ തുകയേക്കാള്‍ ദ്വീപ് ജനത മറുകരയിലെത്താൻ വർഷങ്ങളായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് മുൻതൂക്കം നൽകി സംസ്ഥാനസര്‍ക്കാര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയും 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാലത്തി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയുമായിരുന്നു.