മലപ്പുറം ജില്ലയിൽ ഇനി കൊവിഡ് രോഗികള്‍ ചികിത്സയിലില്ല, അവസാനത്തെയാളും ആശുപത്രി വിട്ടു

By Web TeamFirst Published May 9, 2020, 10:58 AM IST
Highlights

രോഗം ഭേദമായി തുടർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരും വെള്ളിയാഴ്ച വീടുകളിലേയ്ക്ക് മടങ്ങി.

മലപ്പുറം: ജില്ലയിൽ കൊവിഡ് 19 ഭേദമായി തുടർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന  രണ്ട് പേരും വെള്ളിയാഴ്ച വീടുകളിലേയ്ക്ക് മടങ്ങി. ഇതോടെ ഇനി ജില്ലയിൽ കോവിഡ് ബാധതരില്ല. കാലടി ഒലുവഞ്ചേരി സ്വദേശി താഴത്ത് വളപ്പിൽ മുഹമ്മദ് കബീർ (38), മാറഞ്ചേരി പരിച്ചകം സ്വദേശി  തെക്കെക്കരയിൽ അബ്ദുൾ ലത്തീഫ് (40) എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.

തങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ സംസ്ഥാന സർക്കാറിനും ആരോഗ്യ പ്രവർത്തകർക്കും ഇരുവരും നന്ദി പറഞ്ഞു. ചികിത്സാ സമയത്ത് യാതൊരു മാനസിക സംഘർഷവും ഉണ്ടായിരുന്നില്ല. ഡോക്ടർമാരും മറ്റ് ജീവനക്കാരും മികച്ച പരിചരണമാണ് തങ്ങൾക്ക് നൽകിയതെന്നും പുതു ജീവിതത്തിലേയ്ക്കാണ് ഇനി പ്രവേശിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

മുംബൈ താനെ ജില്ലയിലെ ബിവണ്ടിയിൽ ഇളനീർ വിൽപ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രിൽ 11 ന് ചരക്ക് ലോറിയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കൽപ്പറ്റ വഴി ഏപ്രിൽ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. 

കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയിൽ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തിയശേഷം അവിടെ നിന്ന് നടന്ന് ചേളാരിയിലെത്തി. രാത്രി 8.30 ന് ചേളാരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര തിരിച്ച് കാലടി സ്വദേശി മുഹമ്മദ് കബീറിനെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശി അബ്ദുൾ ലത്തീഫും വീട്ടിലെത്തി.

ഇരുവരും മുംബൈയിൽ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് ഏപ്രിൽ 16 ന് ഇവരെ വിവിധ കോവിഡ് കെയർ സെന്ററുകളിലാക്കുകയായിരുന്നു. മുഹമ്മദ് കബീറിനെ ഏപ്രിൽ 23 നും അബ്ദുൾ ലത്തീഫിനെ ഏപ്രിൽ 26 നും 108 ആംബുലൻസുകളിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 

മുഹമ്മദ് കബീറിന് മാർച്ച് 27 നും അബ്ദുൾ ലത്തീഫിന് ഏപ്രിൽ 30 നുമാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിൾ പരിശോധനകൾക്കും ശേഷം മെയ് നാലിനാണ് ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസുകളിലാണ് ഇവരെ വീടുകളിലേയ്ക്ക് അയച്ചത്.

click me!