ആദ്യവിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം, സ്ത്രീധനമായി വാങ്ങിയത് സ്വർണവും കാറും ഭൂമിയും; എൽഡി ക്ല‍ർക്ക് പിടിയിൽ

Published : Jun 03, 2023, 08:27 AM IST
ആദ്യവിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം, സ്ത്രീധനമായി വാങ്ങിയത് സ്വർണവും കാറും ഭൂമിയും; എൽഡി ക്ല‍ർക്ക് പിടിയിൽ

Synopsis

2021ലാണ് ശ്രീനാഥ് ആദ്യവിവാഹം കഴിയ്ക്കുന്നത്. 26കാരിയായ യുവതിയെ നാവായിക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ച് താലികെട്ടി. എന്നാൽ, ഈ ബന്ധം നിലനിൽക്കെ 10 പവൻ സ്വർണവും 50 സെന്റ് ഭൂമിയും മാരുതി സ്വിഫ്റ്റ് കാറും സ്ത്രീധനമായി വാങ്ങി വിവാഹം കഴിച്ചു.

തിരുവനന്തപുരം: ആദ്യവിവാഹം മറച്ചുവെച്ച് മറ്റൊരു യുവതിയെ വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച എൽഡി ക്ലർക്ക് അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിയും എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽഡി ക്ലർക്കുമായ ശ്രീകലയിൽ ശ്രീനാഥ് എന്നയാളാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയുടെ തുടർന്നാണ് പൊലീസ് നടപടി. റൂറൽ ക്രൈം ബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

2021ലാണ് ശ്രീനാഥ് ആദ്യവിവാഹം കഴിയ്ക്കുന്നത്. 26കാരിയായ യുവതിയെ നാവായിക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ച് താലികെട്ടി. എന്നാൽ, ഈ ബന്ധം നിലനിൽക്കെ 10 പവൻ സ്വർണവും 50 സെന്റ് ഭൂമിയും മാരുതി സ്വിഫ്റ്റ് കാറും സ്ത്രീധനമായി വാങ്ങി വിവാഹം കഴിച്ചു. 2022ൽ ചീരാണിക്കര സ്വദേശിയെയാണ് ഇയാൾ വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിൽവെച്ച് വിവാഹം കഴിച്ചത്. എന്നാൽ, ഇയാൾ നേരത്തെ വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ വട്ടപ്പാറ പൊലീസിനെ സമീപിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തി.

വിവാഹങ്ങളുടെ തെളിവുകളും വിവാഹത്തിൽ പങ്കെടുത്തവരുടെ സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. ഇയാളെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി ഉജ്ജ്വൽ കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷംനാദ്, സിപിഒമാരായ സതീഷ്, ആൽബിൻ, ബിന്ദു എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്