
ഇടുക്കി: സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരിയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യുഡിഎഫും ബിജെപിയും പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. സിപിഎം അംഗം സിബി എബ്രഹാമായിരുന്നു വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ്.
നേരത്തെയും സ്വതന്ത്ര അംഗമായ സുരേഷ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അന്ന് ബിജെപി -യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചെങ്കിലും എൽഡിഎഫിനോട് പരാജയപ്പെട്ടു. എന്നാൽ അതിന് ശേഷമുണ്ടായ ചില സാഹചര്യങ്ങളാണ് എൽഡിഎഫിന്റെ ഭരണ നഷ്ടത്തിലേക്ക് എത്തിയത്. പഞ്ചായത്തിലെ പതിനൊന്നാം വാർഡ് സിപിഎം അംഗം കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ചതാണ് നിർണായകമായത്. പങ്ക് വ്യക്തമായതോടെ വാർഡ് മെമ്പർ കേസിൽ പെടുകയും മെമ്പറായ സൗമ്യ സുനിലില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു.
അതിന് ശേഷം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. കഴിഞ്ഞ തവണ കൈവിട്ടു പോയ വാർഡ് തിരിച്ചു പിടിക്കാൻ യുഡിഎഫിന്റെ സൂസന്‍ ജേക്കബ്ബിന് കഴിഞ്ഞു. എൽഡിഎഫ് രംഗത്തിറക്കിയ ലിസ ജേക്കബ്ബിനെയും ബിജെപിയുടെ രാധ അരവിന്ദനെയുമാണ് സൂസന്‍ പരാജയപ്പെടുത്തിയത്. അതോടെ യുഡിഎഫിന് ഒരു അംഗത്തെ കൂടി ലഭിച്ചു.സ്വതന്ത്ര അംഗം കൊണ്ടുവന്ന അവിശ്വാസത്തെ യുഡിഎഫും ബിജെപിയും പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.
കണ്ണമ്പ്ര ബാങ്ക് ഭൂമിയിടപാട്: സിപിഎം പുറത്താക്കിയ മുൻ നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന