
തൃശൂര്‍: ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തതുള്‍പ്പടെ ഇടത് മുന്നണിക്ക് സമ്പൂര്‍ണ വിജയം. അഞ്ചിടത്താണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. നിര്‍ണായകമായിരുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ബംഗ്ലാവ് വാര്‍ഡ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം കൃഷ്ണകുമാര്‍ 85 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പറപ്പൂക്കര പള്ളം വാര്‍ഡില്‍ 161 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ സിബി വിജയിച്ചു. കടവല്ലൂര്‍ കോടത്തുകുണ്ട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി രാജന്‍ 149 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ചത്. ചേലക്കര വെങ്ങാനെല്ലൂരില്‍ 126 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ഗിരീഷിന്‍റെ വിജയം. വള്ളത്തോള്‍ നഗര്‍ യത്തീംഖാന വാര്‍ഡില്‍ 343 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍മ്മല ദേവി വിജയിച്ചു.
ഇരിങ്ങാലക്കുട നഗരസഭയിലെ ബംഗ്ലാവ് വാര്‍ഡില്‍ സിപിഐ കൗണ്‍സിലറായിരുന്ന വി കെ സരളയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വി കെ സരളയുടെ മകനാണ് വിജയിച്ച കെ എം കൃഷ്ണകുമാര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ഒ ഫ്‌ളോറനായിരുന്നു പ്രധാന എതിരാളി. തുല്യ ബലത്തില്‍ യുഡിഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയില്‍ വിജയം ഇരു കൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു.
41 വാര്‍ഡുകളില്‍ എല്‍ഡിഎഫിനും യുഡിഫിനും 19 വീതവും ബിജെപിക്ക് മൂന്ന് അംഗങ്ങളും ആണുള്ളത്. കടവല്ലൂര്‍ പഞ്ചായത്തില്‍ കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിന്‍റെ കുറിത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ചാം വാര്‍ഡംഗം സിപിഎമ്മിലെ പി വി സുരേഷ് പാര്‍ട്ടി പഞ്ചായത്ത് യോഗങ്ങളില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നത് മൂലം അയോഗ്യനാവുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 20 ല്‍ 13 സീറ്റ് ഭൂരിപക്ഷത്തില്‍ ഇടതു മുന്നണിയാണ് കടവല്ലൂര്‍ പഞ്ചായത്തില്‍ ഭരണം. ചേലക്കര വെങ്ങാനെല്ലൂര്‍ രണ്ടാം വാര്‍ഡിലെ പഞ്ചായത്തംഗമായിരുന്ന സിപിഎം അംഗം ടി. ഗോപിനാഥന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 22 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇരു മുന്നണികള്‍ക്കും 11 അംഗങ്ങള്‍ വീതമായിരുന്നു.
ഗോപിനാഥന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഭരണകക്ഷി ന്യൂനപക്ഷമായി. സീറ്റ് നിലനിര്‍ത്താനായതോടെ രണ്ട് മുന്നണികളും വീണ്ടും തുല്യശക്തികളായി മാറി. നിലവിലെ എല്‍ഡിഎഫ് ഭരണസമിതിക്ക് അധികാരം നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്നു. പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ ബിജെപിയുടെ പ്രതിനിധി ആയി വിജയിച്ച ജിഷ സജി രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തവണ യുഡിഫില്‍ നിന്നും 49 വോട്ടിന് ബിജെപി പിടിച്ചെടുത്തതാണ് ഈ വാര്‍ഡ്. 18 വാര്‍ഡുകളില്‍ ഒമ്പതെണ്ണവും നേടി എല്‍ഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് യതീംഖാന വാര്‍ഡില്‍ നിന്ന് വിജയിച്ച ഇടതു മുന്നണി അംഗം വിവാഹിതയായി സ്ഥലം മാറിയ സാഹചര്യത്തില്‍ രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 16 വാര്‍ഡുകളില്‍ 13ല്‍ ഇടതുമുന്നണിയും രണ്ടു കോണ്‍ഗ്രസ് ഒരു ബിജെപി എന്നിങ്ങനെയാണ് കക്ഷി നില.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam