
കല്‍പ്പറ്റ: മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്ന് മാനന്തവാടി നഗരസഭയുടെ മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടി. കഴിഞ്ഞ ദിവസം സബ് കളക്ടറുടെ ഉത്തരവ് നഗരസഭ അധികൃതര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ജീവനക്കാരെത്തി മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. യഥാവിധി മാലിന്യ സംസ്‌കരണം നടക്കുന്നില്ലെന്ന് കാണിച്ച് സബ്ബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ്ബ് കളക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
മതിയായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്തതിനാല്‍ മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലയില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്നും അതിനാല്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നും സബ് കളക്ടര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
ക്രിമിനല്‍ നടപടി നിയമം സെക്ഷന്‍ 133 പ്രകാരമാണ് നടപടി. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്കുള്ളില്‍ അടച്ച് പൂട്ടണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. മാര്‍ക്കറ്റ് പൂട്ടിയതോടെ നഗരത്തിലെ മത്സ്യ-മാംസ വില്‍പ്പന ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. തൊഴിലാളികള്‍ സബ്ബ് കളക്ടറോടും നഗരസഭ അധികൃതരോടും ചര്‍ച്ച നടത്തിയെങ്കിലും മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയാല്‍ മാത്രമേ മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കു എന്ന നിലപാടിലായിരുന്നു സബ്ബ് കളക്ടര്‍. ഇതിന് ആറുമാസത്തെ സാവകാശം വേണമെന്ന് നഗരസഭ അറിയിച്ചതോടെ 50 ലക്ഷത്തോളം രൂപ മുടക്കി മാര്‍ക്കറ്റ് ലേലം പിടിച്ച തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. അതേ സമയം നഗരസഭയുടെ അനാസ്ഥക്കെതിരെ സമരം നടത്തുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam