ഇക്കുറി കൃഷി ഇറക്കാന്‍ പറ്റുമോ?; ആശങ്കയില്‍ ഈ കര്‍ഷകര്‍

By Web TeamFirst Published Nov 30, 2018, 11:06 AM IST
Highlights

മാന്നാര്‍ വീയപുരം റോഡ് ഉയരം കൂട്ടി നിര്‍മിക്കുന്നതിനാല്‍ റോഡിന്റെയും കൃഷിയിടത്തിന്റെയും അതിര്‍ത്തിയിലുള്ള പിച്ചിങ് ഉയര്‍ത്തിക്കെട്ടിയതിനാല്‍ ട്രാക്ടര്‍ കൃഷിയിടത്തിലേക്ക് ഇറക്കാന്‍ കഴിയാത്ത നിലയിലാണ്

മാന്നാര്‍: കോയിക്കല്‍ പള്ളം പാടശേഖരത്തില്‍ ഇക്കുറി കൃഷി ഇറക്കാന്‍ പറ്റുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. 15 വര്‍ഷമായി തരിശുകിടന്ന ടെലിഫോണ്‍ എക്‌സേഞ്ചിന് സമീപമുള്ള 12.5 ഏക്കറോളം വരുന്ന ഈ പാടശേഖരത്തില്‍ മൂന്ന് യുവകര്‍ഷകര്‍ഷകരുടെ കൂട്ടായ്മയില്‍ കഴിഞ്ഞ വര്‍ഷം കൃഷിയിറക്കി മികച്ച വിളവ് ലഭിച്ചിരുന്നു. പല വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കൃഷിയിടം മൂന്ന് വര്‍ഷത്തേക്കാണ് ഇവര്‍ പാട്ടത്തിനെടുത്തത്. 

മാന്നാര്‍വീയപുരം റോഡ് ഉയരം കൂട്ടി നിര്‍മിക്കുന്നതിനാല്‍ റോഡിന്റെയും കൃഷിയിടത്തിന്റെയും അതിര്‍ത്തിയിലുള്ള പിച്ചിങ് ഉയര്‍ത്തിക്കെട്ടിയതിനാല്‍ ട്രാക്ടര്‍ കൃഷിയിടത്തിലേക്ക് ഇറക്കാന്‍ കഴിയാത്ത നിലയിലാണ്. ഇതിനായി റാമ്പ് നിര്‍മിച്ചെങ്കില്‍ മാത്രമേ ട്രാക്ടറും, കൊയ്ത്ത് യന്ത്രങ്ങളും മറ്റ് യന്ത്രല്‍കൃത വാഹനങ്ങളും കൃഷിയിടത്തിലേക്ക് ഇറക്കുവാന്‍ സാധിക്കുകയുള്ളു. ഈ പാടശേഖരത്തിന്റെ റോഡിന് തെക്കുഭാഗത്ത് കിടക്കുന്ന കൃഷിയിടത്തിലും കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാണ്. 

എന്നാല്‍ ഇവിടേക്ക് കൃഷിക്കാവശ്യമായ ജലം എത്തിക്കാനുള്ള ബുദ്ധിമുട്ടുകാരണമാണ് ഇവിടെയും കൃഷി ഇറക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം എംഎല്‍എ ഫണ്ടില്‍ നിന്നും തോട് പുനഃരജ്ജീവിപ്പിക്കാനായി അഞ്ച് ലക്ഷം രൂപാ വകയിരുത്തിയെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ ആരും തയ്യാറായില്ല.  സമീപ പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. കോയിക്കല്‍ പള്ളം പാടശേഖരത്ത് കൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിതരുമെന്നുള്ള പ്രതീക്ഷയിലാണ് ഈ യുവ കര്‍ക്ഷകര്‍.

click me!