പുതുപ്പാടിയില്‍ പ്രസിഡന്‍റ് സ്ഥാനം തിരികെ പിടിച്ച് എല്‍ഡിഎഫ്

By Web TeamFirst Published Feb 15, 2019, 9:38 PM IST
Highlights

മത്സരം കടുത്തതായതോടെ ഫലം പുറത്തു വരുന്നത് വരെ ഇരു മുന്നണികളും പ്രതീക്ഷയിലായിരുന്നു. പി ആര്‍ രാകേഷ് (859), ആയിഷക്കുട്ടി സുല്‍ത്താന്‍ (672), രാജന്‍ കളക്കുന്ന് (ബിജെപി-19) എന്നിങ്ങനെയാണ് വോട്ട് നില

കോഴിക്കോട്: ഭൂരിപക്ഷമുണ്ടായിട്ടും  പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ കെെവിട്ട് പോയ പ്രസിഡന്‍റ് സ്ഥാനം തിരികെ പിടിച്ച് എല്‍ഡിഎഫ്. എസ്‌സി സംവരണ പ്രതിനിധിയില്ലാത്തതിനാല്‍ ഭൂരിപക്ഷമുണ്ടായിട്ടും എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് കൈമാറേണ്ടി വന്ന ഗ്രാമ പഞ്ചായത്തായിരുന്നു പുതുപ്പാടി.

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി ആര്‍ രാകേഷ് വിജയിച്ചതോടെ യുഡിഎഫിന്റെ പ്രസിഡന്‍റ്  ഭരണത്തിന് തിരശീല വീഴും. മഹിള കോൺഗ്രസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്‍റായിരുന്ന  യുഡിഎഫിലെ ആയിഷക്കുട്ടി സുല്‍ത്താനെ  187 വോട്ടുകൾക്കാണ് രാകേഷ് തോല്‍പിച്ചത്.

ഇതോടെ നിലവില്‍ പ്രസിഡന്‍റായിരുന്ന യുഡിഎഫിലെ അംബിക മംഗലത്ത് വെള്ളിയാഴ്ച്ച പദവി രാജിവെച്ചു. അസിസ്റ്റന്‍റ്  ജില്ലാ വ്യവസായ ഓഫീസര്‍ ശാലിനിയായിരുന്നു റിട്ടേണിംഗ് ഓഫീസര്‍. പ്രസിഡന്‍റ്  സ്ഥാനം പിടിച്ചെടുക്കാനായി പഞ്ചായത്തിലെ വെസ്റ്റ് കൈതപൊയില്‍ വാര്‍ഡിലെ പ്രതിനിധിയായ സിപിഎമ്മിലെ  പി കെ ഷൈജല്‍ രാജിവെക്കുകയായിരുന്നു.

വാര്‍ഡും പ്രസിഡന്‍റ്  സ്ഥാനവും സ്വന്തമാക്കാന്‍ എല്‍ഡിഎഫ് പികെഎസ് പുതുപ്പാടി മേഖലാ സെക്രട്ടറിയായ പി ആര്‍ രാകേഷിനെയാണ് സി പി എം  രംഗത്തിറക്കിയത്. യുഡിഎഫാകട്ടെ മത്സരം കടുത്തതാക്കാന്‍ ഡിസിസി സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവുമായ  കെ. ആയിഷക്കുട്ടി സുല്‍ത്താനെ ഇറക്കുകയും ചെയ്തു.

മത്സരം കടുത്തതായതോടെ ഫലം പുറത്തു വരുന്നത് വരെ ഇരു മുന്നണികളും പ്രതീക്ഷയിലായിരുന്നു. പി ആര്‍ രാകേഷ് (859), ആയിഷക്കുട്ടി സുല്‍ത്താന്‍ (672), രാജന്‍ കളക്കുന്ന് (ബിജെപി-19) എന്നിങ്ങനെയാണ് വോട്ട് നില. ബിജെപിക്ക്  ഇത്തവണ വോട്ട് കുറഞ്ഞു.

കഴിഞ്ഞ തവണ 36 വോട്ടുകള്‍ നേടിയ ബിജെപിയുടെ വോട്ട് ഇത്തവണ 19 ആയി കുറഞ്ഞു. രാകേഷിന്‍റെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൈതപ്പൊയിലില്‍ പ്രകടനം നടത്തി.  വരും ദിവസം രാകേഷ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേൽക്കും.

click me!