
തിരുവനന്തപുരം: നാട്യാസ്വാദകര്‍ക്ക് ആകര്‍ഷകമായ അനുഭവമായി സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടത്തിന്റെ 'ലാസ്യലഹരി'. ജൂലൈ 27 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് ലാസ്യലഹരി അരങ്ങേറിയത്. പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദിന്റെ ശിഷ്യരാണ് ലാസ്യലഹരിയിൽ ശ്രദ്ധേയ പ്രകടനങ്ങൾ അരങ്ങിലെത്തിച്ചത്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും നിരൂപകയുമായ ലീലാ വെങ്കിട്ടരാമനെ ആജീവനാന്ത സംഭാവനാ പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി ഇന്ത്യൻ നൃത്തകലയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ സംഭാവനകളാണ് ലീല വെങ്കടരാമൻ തന്റെ നിരൂപണങ്ങളിലൂടെ നൽകിയിട്ടുള്ളത്. ദി ഹിന്ദു, നാഷണൽ ഹെറാൾഡ്, പാട്രിയറ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റായി അവർ പ്രവർത്തിച്ചിട്ടുണ്ട്. 1950കളിൽ ആദ്യമായി കേരളത്തിലെത്തിയ തനിക്ക് അപ്പുക്കുട്ടൻ നായരെ പരിചയപ്പെടാൻ സാധിച്ചതും തുടര്‍ന്ന് കേരളത്തിലെ തനത് നൃത്തകലകളിൽ താൽപര്യം ഉടലെടുത്തതുമായ ഓര്‍മകൾ അവര്‍ ചടങ്ങിൽ പങ്കുവെച്ചു.
പ്രശസ്ത മോഹിനിയാട്ടം നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സുഗന്ധി, നിരൂപകനും എഴുത്തുകാരനുമായ വി കലാധരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ക്ലാസ്സിക്കൽ ശൈലിയിൽ ഊന്നിനിൽക്കുമ്പോഴും സമകാലികമായ ഒരു നൃത്താനുഭവം നൃത്തവേദിക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഡോ. നീന പ്രസാദ് ചെയ്യുന്നതെന്ന് കലാമണ്ഡലം സുഗന്ധിയും വി കലാധരനും അഭിപ്രായപ്പെട്ടു.
പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും നൃത്തഗവേഷകയുമായ ഡോ. നീന പ്രസാദ് 2003-ലാണ് സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടം എന്ന നൃത്തകലാലയം സ്ഥാപിക്കുന്നത്. ചെന്നൈയിൽ ആരംഭിച്ച സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടം ഇപ്പോൾ തിരുവനന്തപുരത്തും ബെംഗളൂരുവിലും പ്രവര്‍ത്തിക്കുന്നു. ഒപ്പം ഓൺലൈൻ ക്ലാസുകളിലൂടെ ആഗോളതലത്തിലും നിരവധി പേര്‍ക്ക് പരിശീലനം നൽകിവരുന്നുണ്ട്.