പ്രളയബാധിതർക്കായി കൊണ്ടു വന്ന സാധനങ്ങൾ കൗൺസിലർമാർ പൂട്ട് പൊളിച്ച് കടത്തി

By Web TeamFirst Published Oct 13, 2018, 8:44 PM IST
Highlights

ആലപ്പുഴ നഗരസഭയുടെ കീഴില്‍ ടൗണ്‍ഹാളില്‍ സൂക്ഷിച്ചിരുന്ന റിലീഫ് മെറ്റീയിരിയലുകള്‍ ഇടത് കൗണ്‍സിലര്‍മാര്‍ പൂട്ട് പൊളിച്ച് എടുത്തു കൊണ്ടു പോയതായി പരാതി. 

ആലപ്പുഴ: പ്രളയബാധിതര്‍ക്കായി ആലപ്പുഴ നഗരസഭാ ടൗണ്‍ഹാളിന്റെ മുറിയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഇടത് കൗണ്‍സിലര്‍മാര്‍ പൂട്ട് പൊളിച്ച് പുറത്തെടുത്തു കൊണ്ടുപോയി. സംഭവം വിവാദമായതോടെ കൊണ്ടുപോയ സാധനങ്ങൾ തിരികെയെത്തിക്കാമെന്ന് പറഞ്ഞ് കൗൺസിലർമാർ തടിതപ്പി. 

സി പി എം കൊമ്മാടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മുന്‍സിപ്പല്‍ കൗണ്‍ലിറുമായ കെ ജി പ്രവീണ്‍, കൗണ്‍സിലര്‍മാരായ ശ്രീചിത്ര, ഇന്ദുവിനോദ് എന്നിവരാണ് പൂട്ടിയിട്ടിരുന്ന മുറി തല്ലിപ്പൊളിച്ച് സാധനങ്ങള്‍ എടുത്തുകൊണ്ട് പോയത്. ഇക്കാര്യം ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ അറിഞ്ഞതോടെ സംഭവം വിവാദമായി. വിഷയത്തിൽ ഇടപെട്ട മുന്‍സിപ്പല്‍ സെക്രട്ടറി കൊണ്ടുപോയ സാധനങ്ങള്‍ എത്രയും വേഗം സ്ഥലത്തെത്തിക്കാന്‍ കൗൺസിലർമാരോട് നിർദേശിച്ചു. 

സാധനങ്ങൾ നാളെ എത്തിക്കാം എന്ന് കൗൺസിലർമാർ പറഞ്ഞെങ്കിലും നാളെ വരെ കാത്തുനിൽക്കാൻ പറ്റില്ലെന്നും എത്രയും പെട്ടെന്ന് സാധനങ്ങൾ തിരികെയെത്തിക്കണമെന്നും മുൻസിപ്പൽ സെക്രട്ടറി കർശന നിലപാട് എടുത്തു. സംഭവം കൈവിട്ടു പോകുമെന്ന് കണ്ടതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് വസ്തുകൾ നാളെ തിരികെയെത്തിക്കും എന്ന് സെക്രട്ടറിക്ക് ഉറപ്പ് നൽകുകയായിരുന്നു. ഇതോടെ സെക്രട്ടറി നിലപാട് മയപ്പെടുത്തിയെങ്കിലും ഭരണപക്ഷ കൗൺസിലർമാർ പ്രതിഷേധം തുടരുകയാണ്. 

click me!