
സുല്‍ത്താന്‍ബത്തേരി: നമ്പ്യാര്‍ക്കുന്ന്, ചീരാല്‍ പ്രദേശങ്ങളില്‍ സാധാരണ ജനജീവിതത്തെയാകെ ഭീതിയിലാക്കിയ പുള്ളിപ്പുലി ഒടുവില്‍ വനം വകുപ്പ് കല്ലൂരില്‍ സ്ഥാപിച്ച കെണിയില്‍ വീണു. പുലര്‍ച്ചെ കൂട്ടിലകപ്പെട്ട പുലിയെ രാവിലെ പാല്‍ അളക്കാന്‍ പോയി തിരികെ മടങ്ങുന്നവരാണ് കണ്ടത്. ജീവനുള്ള ആടിനെയായിരുന്നു കൂട്ടില്‍ പുലിയെ ആകര്‍ഷിക്കാനായി വനം വകുപ്പ് കെട്ടിയിട്ടുണ്ടായിരുന്നത്.
പാലുമായി സൊസൈറ്റിയിലേക്ക് പോകുമ്പോള്‍ ആടിന്റെ കരച്ചില്‍ കേട്ടിരുന്നതായും തിരിച്ച് വന്ന് നോക്കിയപ്പോഴാണ് കൂട്ടില്‍ പുലി കുടുങ്ങി കിടക്കുന്നതായി കണ്ടതെന്നും പ്രദേശവാസിയായ ക്ഷീരകര്‍ഷകന്‍ പറഞ്ഞു. ആഴ്ചകളായി ചീരാല്‍, നമ്പ്യാര്‍ക്കുന്ന് മേഖലയില്‍ രാത്രിയില്‍ കറങ്ങി നടന്ന് വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയും ചിലതിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു പുലി. രണ്ടു മാസത്തിനിടെ നായകൾ അടക്കം 11 വളര്‍ത്തുമൃഗങ്ങളെയാണ് പുലിയ ആക്രമിച്ചത്. പണിക്കര്‍പടി നിരവത്ത് കണ്ടത്തില്‍ എല്‍ദോയുടെ വളര്‍ത്തുനായയെയാണ് ഏറ്റവും ഒടുവില്‍ ആക്രമിച്ചത്.
നിരന്തരം ജനവാസ പ്രദേശങ്ങളിലേക്കെത്തി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടിക്കാനായി ആഴ്ച്ചകളായി തമിഴ്‌നാട് - കേരള വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ശ്രമിച്ചു വരികയായിരുന്നു. മയക്കുവെടി വച്ച് പിടികൂടണമെന്ന അഭിപ്രായം പ്രദേശവാസികളില്‍ ശക്തമാകുന്നതിനിടെയാണ് പുലി ഇന്ന് കുടുങ്ങിയത്. ഏതാനും വര്‍ഷങ്ങളായി കടുവയും പുലിയും തുടര്‍ച്ചയായി എത്തുന്ന മേഖലയായി ചീരാലും അയല്‍പ്രദേശമായ നമ്പ്യാര്‍കുന്നും മാറിയിട്ടുണ്ട്. ചീരാലിലേക്ക് നൂല്‍പ്പുഴ വനമേഖലയില്‍ നിന്നും നമ്പ്യാര്‍ക്കുന്നിലേക്ക് തമിഴ്‌നാട് നീലഗിരി വനമേഖലയില്‍ നിന്നും ഇടക്കെല്ലാം ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ട്.