
കാസർകോട്: പുലിപ്പേടിയിൽ കഴിയുന്ന വനാതിർത്തി ഗ്രാമങ്ങളെ ആശങ്കയിലാക്കി വളർത്തുനായയ്ക്കു നേരെ വീണ്ടും പുലിയുടെ ആക്രമണം. ഇരിണ്ണിയിൽ വീണ്ടും പുലിയിറങ്ങി. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഇരിയണ്ണി കുണിയേരിയിലാണ് സിസിടിവിയിൽ പുലിയെ കണ്ടത്. വെള്ളാട്ട് നാരായണന്റെ വീട്ടിലെ നായയെ പുലി പിടിച്ചു. നായയെ പുലി കടിച്ചു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. പുലിയെ കണ്ട് നായ കുരച്ച് വീട്ടുമുറ്റത്തേക്ക് ഓടിവരുന്നതും പിറകെ ഓടിയെത്തിയ പുലി നായയെ കടിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യത്തിലുള്ളത്.
അടുത്ത കാലത്തായി പുലി ഇറങ്ങുന്ന പ്രദേശമാണ് മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി. വീണ്ടും പുലി ഇറങ്ങിയതോടെ ആശങ്കയിലാണ് ജനങ്ങൾ. വളർത്തുനായകളെ പുലി ആക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെയും ഈ ഭാഗങ്ങളിൽ വളർത്തു നായകളെ പുലി പിടിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ട്. ബോവിക്കാനം–കുറ്റിക്കോൽ റോഡ്, ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടക്കം വനത്തിലൂടെയാണു പോകുന്നത്. യാത്രക്കാരും ഇതോടെ ഭീതിയിലാണ്. കഴിഞ്ഞ വർഷം 13 കാരൻ പുലിയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. അന്ന് ഇരിയണ്ണിയിലെ കുഞ്ഞിക്കണ്ണന്റെ മകൻ 13 വയസ്സുള്ള അഭിനന്ദ് 25 മീറ്റർ അപ്പുറത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്കു പോകുമ്പോൾ ഒപ്പം നായയെ കൂട്ടിയിരുന്നു. തിരിച്ചു വരുമ്പോൾ അഭിനന്ദിന്റെ പിറകെ നായയും തിരിച്ചു വന്നു. വീടിന്റെ അടുത്ത് എത്താറായപ്പോൾ പിറകിലുണ്ടായ നായയുടെ കരച്ചിൽ കേട്ടതോടെ അഭിനന്ദ് ഓടി വീട്ടിലേക്കു കയറി.നായയെ പുലി ആക്രമിക്കുകയായിരുന്നു. നായയുടെ കരച്ചിൽ കേട്ട ഉടനെ വീട്ടുകാർ ടോർച്ച് തെളിച്ചതോടെ അതിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam