മർദ്ദനമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ പ്രസന്നകുമാർ (59) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഓച്ചിറയിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രസന്നകുമാർ.
കൊല്ലം: മർദ്ദനമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. കരുനാഗപ്പള്ളി വേലശേരിയൽ വീട്ടിൽ കെ. പ്രസന്നകുമാർ (59) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓച്ചിറ പടനിലത്തെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രസന്നകുമാറും സമീപത്തെ കടയിലെ ജീവനക്കാരും തമ്മിൽ കഴിഞ്ഞ 12ന് സംഘർഷം ഉണ്ടാവുകയും പോലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. സമീപത്തെ കടയിലെ ഒരു യുവാവ് പ്രസന്നകുമാറിനെ അന്നേ ദിവസം രാത്രി ക്രൂരമായി മർദ്ദിച്ചു.സാരമായ പരിക്കേറ്റ പ്രസന്നകുമാറിനെ പിന്നീട് കായംകുളം കുന്നത്താലും മൂട്ടിൽ ദേശീയപാതയ്ക്കരികിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
പ്രസന്നകുമാറിനെ ആക്രമിച്ചതിലും കടയിലെ സാധനങ്ങൾ നശിപ്പിച്ചതിനും സ്ഥാപന ഉടമ കരുനാഗപ്പള്ളി എസിപിക്കു പരാതി നൽകിയിരുന്നു. തുടർന്ന് ഓച്ചിറ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രസന്നകുമാറിന്റെ മരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കാരിച്ചു. ദുരൂഹത ആരോപിച്ച് പ്രസന്നകുമാറിന്റെ ബന്ധുക്കൾ കായംകുളം പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. വീട്ടുകാരുമായി പിണങ്ങി 14 വർഷമായി പ്രസന്നകുമാർ ഓച്ചിറ പടനിലത്താണു താമസിക്കുന്നത്.


