മഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വിറ്റിരുന്ന സൈനുദ്ദീന്‍, ധനുഷ് എന്നിവരെ ഡാന്‍സാഫ് സംഘം പിടികൂടി. പ്രതികളില്‍ നിന്ന് ലഹരിമരുന്നും, ഇലക്ട്രോണിക് ത്രാസും, ആഡംബരക്കാറും പിടിച്ചെടുത്തു. 

മലപ്പുറം: ടൗണ്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അതിമാരക ലഹരി വിഭാഗത്തില്‍പ്പെട്ട എംഡിഎംഎ വില്‍പന നടത്തുന്ന രണ്ടുപേര്‍ പിടിയില്‍. മഞ്ചേരി പട്ടര്‍ക്കുളം സ്വദേശി മാഞ്ചേരി പുതുശ്ശേരി വീട്ടില്‍ സൈനുദ്ദീന്‍ (38), ഇയാളുടെ സഹായി മഞ്ചേരി ജെടിഎസ് കരുവമ്പ്രം വെസ്റ്റ് സ്വദേശി മൈലം പുറത്ത് വീട്ടില്‍ ധനുഷ് (32) എന്നിവരെ യാണ് മലപ്പുറം ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ എഎം യാസിറിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ, മലപ്പുറം ഡാന്‍സാഫ് ടീമുകള്‍ ചേര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ തുറക്കല്‍ മിസിരിയില്‍ നിന്ന് പിടികൂടിയത്.

ലഹരി പദാര്‍ഥം തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കടത്താന്‍ ഉപയോഗിച്ച ആഡംബരക്കാറും കണ്ടെടുത്തു. സൈനുദ്ദീനെ മുമ്പ് രണ്ടു തവണ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും ലഹരി വില്‍പനക്ക് ഇറങ്ങിയത്. പ്രതികള്‍ക്ക് ലഹരി കച്ചവടത്തിന് സാമ്പത്തിക സഹായം നല്‍കിയവരെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

മലപ്പുറം ഡിവൈഎസ്പി കെഎം ബിജു, ബിജു, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജി ത്ത് എന്നിവരുടെ മേല്‍നോട്ടത്തി ല്‍ മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വി പ്രതാപ് കുമാര്‍, മഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഎസ് അഖില്‍ രാജ്, എഎസ് ഐമാരായ ഗിരീഷ്, വാശിദ്, ഗിരീഷ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ തസ്ലിം, പ്രജീഷ് എന്നിവരും മലപ്പുറം, പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.