വയനാട്ടിലെ ബുക്ക്പിരെയും കമ്പളപ്പിരെയും

Published : May 05, 2022, 08:54 AM ISTUpdated : May 05, 2022, 09:04 AM IST
വയനാട്ടിലെ ബുക്ക്പിരെയും കമ്പളപ്പിരെയും

Synopsis

ഒരു കാലത്ത് സാമൂഹിക വിരുദ്ധരുടെ ഇടം ഇപ്പോൾ അറിവിന്‍റെ കേന്ദ്രമാണ്. വയനാട് മീനങ്ങാടി ചൂതുപാറയിലെ ചന്ദൻചിറ ആദിവാസി കോളനിയിലാണ് ഈ പുസ്തക ലോകം. 

കൽപ്പറ്റ: ബുക്ക്പിരെയെന്നാൽ ആദിവാസി ഭാഷയിൽ പുസ്തക ശാലയെന്നാണ്. പേരിലെ വ്യത്യസ്ഥത പോലെ തന്നെ വേറിട്ട ആശയങ്ങൾ ചേർന്ന മനോഹരമായ വായനശാലയാണിത്. ഒരു കാലത്ത് സാമൂഹിക വിരുദ്ധരുടെ ഇടം ഇപ്പോൾ അറിവിന്‍റെ കേന്ദ്രമാണ്. വയനാട് മീനങ്ങാടി ചൂതുപാറയിലെ ചന്ദൻചിറ ആദിവാസി കോളനിയിലാണ് ഈ പുസ്തക ലോകം. 

സാമൂഹിക പ്രവർത്തക ഗായത്രി കളത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ആദിവാസി ഊരുകളിലെ കുട്ടികൾക്ക് വായനയുടെ കുറവ് പരിഹക്കുകയും സ്കൂളിൽ പോകാൻ മടിയുള്ളവരെ പഠനാന്തരീക്ഷത്തിലേക്ക് എത്തിക്കുകയുമായിരുന്നു ബുക്ക്പിരെയുടെ ആദ്യ ലക്ഷ്യം. ഇതിനായി കോളനിയിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ, മദ്യകുപ്പികൾ നിറഞ്ഞ കെട്ടിടം വായനശാലയായി പുനർജനിച്ചു. 

പ്രദേശത്തെ ട്രൈബൽ എജ്യുക്കേഷൻ ഫെസിലിലേറ്ററായ വിജിത കുമാരൻ കോളനിയിലെ വിദ്യാർത്ഥികളെയും കൂടെ കൂട്ടി കെട്ടിടവും പരിസരവും വൃത്തിയാക്കി. കലാകാരനായ അഖിൽ ജേക്കബിന്‍റെ നേതൃത്വത്തിൽ വരയും ആരംഭിച്ചതോടെ കെട്ടിടത്തിന്‍റെ മുഖഛായ തന്നെ മാറി. ഇവിടെയുള്ള ആറാം ക്ലാസ് വിദ്യാർത്ഥി ലക്ഷ്മിയെ മോഡലാക്കി ല്രൈബറിയുടെ മുൻ വശത്ത് ചിത്രമൊരുക്കി. 

എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ ഒരുക്കിയ ബുക്ക്പിരെയിൽ ഇപ്പോൾ 2500-ലധികം പുസ്തകങ്ങളുണ്ട്. ബുക്ക്പിരെയിലേക്ക് വേണ്ട പുസ്തകങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് ശേഖരിക്കുകയും ചെയ്തു. വായനയ്ക്ക് പുറമേ വിവിധ ഗെയിമുകൾ, കലാപ്രോത്സാഹനം എന്നിവയ്ക്ക് ബുക്കിപിരെയിൽ ഇടമുണ്ട്. ഇപ്പോൾ കുട്ടികൾ മാത്രമല്ല കോളനിയിലെ മുതിർന്നവരും അറിവ് പകരാൻ ഇവിടെ എത്തുന്നു.

ബുക്ക്പിരെയുടെ വിജയമാണ് ഈ കൂട്ടായ്മയെ കമ്പളപ്പിരെയിലേക്ക് നയിച്ചത്. വെങ്ങപ്പള്ളി പഞ്ചായത്തിലെ കൊക്കുഴി പണിയകോളനിയിലാണ് കുട്ടികളുടെ പഠനത്തിന് വേറിട്ട ഇടം ഒരുക്കിയത്. കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിലേക്ക് മാറിയപ്പോൾ ലാപ്‍ടോപ്പും സ്മാർട്ട് ഫോണുമെല്ലാം വിദൂരസ്വപ്നം മാത്രമായ കോളനിയിലെ കുട്ടികൾക്ക് അതിനുള്ള സാധ്യത ഒരുക്കലായിരുന്നു കമ്പളപ്പിരെയുടെ ലക്ഷ്യം. കലയും സാങ്കേതികവിദ്യയും ആഘോഷങ്ങളും കോർത്തിണക്കിയ ഇടമാണ് കമ്പളപ്പിരെ. 

പഠിക്കാൻ മാത്രമല്ല, ഒത്തുചേരാനും വായിക്കാനും ആടാനും പാടാനും കളിക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. വിവിധ കലാകാരന്മാർ ആദിവാസി കുട്ടികൾക്ക് വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ തയ്യാറാക്കിയ കമ്പളപ്പിരെ ഗുരുവായൂർ സ്വദേശിനിയായ ഗായത്രി കളത്തിലിന്‍റെയും എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പുകാരനായ അശ്വിൻ ലക്ഷ്മി നാരായണന്റെയും സംരംഭമാണ്. 

‘പോർട്ടൽ’ എന്ന് പേരിട്ടിരിക്കുന്ന മ്യൂറൽ പെയിൻറിങ്ങാണ് കമ്പളപ്പിരെയുടെ പ്രധാന ആകർഷണം. അഖിൽ ജേക്കബിന്റെ നേതൃത്വത്തിൽ മീനാക്ഷി രവി, അമൽ തോമസ്, അർച്ചന സുനിൽ എന്നിവർ ചേർന്നാണ് കമ്പളപ്പിരെയിലെ മനോഹരദൃശ്യങ്ങൾ വരച്ച് ചേർത്തത്. ബുക്ക്പിരെയും കമ്പളപ്പിരെയും തന്ന ആവേശത്തിൽ അടുത്ത പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ് ഈ കൂട്ടായ്മ. പനമരം മാതോത്ത്പൊയിലിലെ പണിയ കോളനിയിലാണ് മൂന്നാമത്തെ പഠന കേന്ദ്രം ഒരുങ്ങുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം