ആരും തുണയായില്ല; പെട്ടിമുടി ദുരന്തം തകര്‍ത്ത രണ്ട് ജീവിതങ്ങള്‍

Published : Dec 10, 2020, 10:37 PM ISTUpdated : Dec 10, 2020, 11:05 PM IST
ആരും തുണയായില്ല; പെട്ടിമുടി ദുരന്തം തകര്‍ത്ത രണ്ട് ജീവിതങ്ങള്‍

Synopsis

പെട്ടിമുടി സ്വദേശി ആർ മാടസ്വാമി (50 ), ഇടമലക്കുടി പരപ്പയാർ (പെരിങ്കടവ്) കുടി സ്വദേശിനി ധർമ തായ് (35) എന്നിവരാണ് പഴയ മൂന്നാറിലെ സർക്കാർ സ്ഥാപനമായ ശിക്ഷക് സദനിൽ കഴിയുന്നത്. നാട്ടുകാർ വല്ലപ്പോഴും നൽകുന്ന ഭക്ഷണം മാത്രം കഴിച്ചാണ്  അനാഥരായ ഇവര്‍ കഴിഞ്ഞ നാലു മാസമായി കഴിയുന്നത്

മൂന്നാർ: ഏറ്റെടുക്കാനാരുമില്ലാതായതോടെ പെട്ടിമുടി ദുരന്തത്തെ തുടർന്ന് അധികൃതർ മാറ്റി പാർപ്പിച്ച മാനസിക പ്രശ്നം അനുഭവിക്കുന്ന ആദിവാസി സത്രീയും പുരുഷനും മാസങ്ങളായി കഴിയുന്നത് ലോഡ്‍ജ് മുറിയിൽ. പെട്ടിമുടി സ്വദേശി ആർ മാടസ്വാമി (50 ), ഇടമലക്കുടി പരപ്പയാർ (പെരിങ്കടവ്) കുടി സ്വദേശിനി ധർമ തായ് (35) എന്നിവരാണ് പഴയ മൂന്നാറിലെ സർക്കാർ സ്ഥാപനമായ ശിക്ഷക് സദനിൽ കഴിയുന്നത്.

നാട്ടുകാർ വല്ലപ്പോഴും നൽകുന്ന ഭക്ഷണം മാത്രം കഴിച്ചാണ്  അനാഥരായ ഇവര്‍ കഴിഞ്ഞ നാലു മാസമായി കഴിയുന്നത്. കണ്ണൻദേവൻ കമ്പനിയിലെ തൊഴിലാളിയായിരുന്ന മാടസ്വാമിക്ക് രണ്ടര വർഷം മുൻപാണ് മാനസിക പ്രശ്നം ഉണ്ടാകുന്നത്. 
ഇതോടെ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് പോയി.

തുടർന്ന് കമ്പനി ജോലിയും നഷ്ടമായി. പിന്നീട് ഇടമലക്കുടിയിലേക്ക് വല്ലപ്പോഴും ചുമടെടുത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇടമലക്കുടിയിലേക്ക് ചുമട് എടുത്തിരുന്ന സമയത്താണ് മാനസിക രോഗത്തെ തുടർന്ന് അലഞ്ഞു തിരിഞ്ഞിരുന്ന ധർമ തായെ കാണുന്നത്. ചുമടെടുക്കുന്ന കാശ് കൊണ്ട്  ഭക്ഷണം വാങ്ങി നൽകാൻ തുടങ്ങിയതോടെ ധർമ തായ് ഒപ്പം കൂടുകയും പെട്ടിമുടിയിലെ ദുരന്ത സ്ഥലത്തിന് മുകൾ ഭാഗത്തുള്ള ലയത്തിൽ താമസം തുടങ്ങുകയും ചെയ്തു.

ഓഗസ്റ്റ് ആറിനുണ്ടായ ദുരന്തത്തെ തുടർന്ന് തൊട്ടടുത്ത ദിവസം അധികൃതർ സമീപത്തെ ലയത്തിലുള്ളവരെയെല്ലാം സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരും കമ്പനി ജോലിക്കാരും ചേർന്നാണ് ഇവരെ പഴയ മൂന്നാറിലെ ശിക്ഷക് സദനിലെത്തിച്ചതെന്ന് ശിക്ഷക് സദൻ അധികൃതർ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നു.

എന്നാൽ, കഴിഞ്ഞ ഒരു മാസമായി ഇതു നിലച്ചതിനെ തുടർന്ന് ഇരുവരും പട്ടിണിയിലായി. തുടർന്ന് ശിക്ഷക് സദൻ അധികൃതർ ഇടപെട്ട് മാട സ്വാമിക്ക് പഴയ മൂന്നാറിലൊരു ഹോട്ടലിൽ ജോലി വാങ്ങി നൽകിയെങ്കിലും ഇടയ്ക്ക് സമനില തെറ്റുന്നതു പതിവായതോടെ ഹോട്ടലുടമ പറഞ്ഞു വിട്ടു. ഇതോടെ വരുമാനമൊന്നുമില്ലാതെ പട്ടിണിയിലാണിവർ. നാട്ടുകാർ വല്ലപ്പോഴും നൽകുന്ന ഭക്ഷണം കഴിച്ചാണ് കഴിയുന്നത്. 

PREV
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം