
കാക്കനാട്(കൊച്ചി): കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26) അസം സ്വദേശികളായ സഫിയാഖുൽ ഇസ്ലാം (30) മൊഫീദുൽ ഇസ്ലാം (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ഓലിമുകളിലെ ഓഫിസ് സമുച്ചയത്തിന് മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും പ്രതികൾ അഴിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ശേഷം സഫിയാഖുൽ ഇസ്ലാമും മൊഫീദുൽ ഇസ്ലാമും ആലുവയിലേക്കും മുസ്താഖുൽ ഷേക്ക് കാക്കനാട്ടെ താമസ സ്ഥലത്തേക്കും പോയി.
ഇതിനിടെ സംശയം തോന്നിയ മറ്റ് ചില ഇതര സംസ്ഥാനക്കാരെ നാട്ടുകാർ തടഞ്ഞ് വച്ചു. ഇവരിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ മുസ്താഖുൽ ഷേക്കിനെ പൊലീസ് ബുധനാഴ്ച പുലർച്ചെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് മറ്റു രണ്ട് പേരെയും ആലുവയിൽ നിന്ന് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam