മുൻ ബിജെപി ജില്ലാ പ്രസിഡന്റും പിന്നീട് സിപിഎം നേതാവുമായിരുന്ന എ.ജി. ഉണ്ണികൃഷ്ണൻ സിഎംപിയിൽ ചേർന്നു. ഇതോടെ അദ്ദേഹം യുഡിഎഫ് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കും. സിഎംപി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നീക്കം.
പത്തനംതിട്ട: രാഷ്ട്രീയ നേതാവ് എജി. ഉണ്ണികൃഷ്ണൻ സിഎംപി വഴി യുഡിഎഫ് പാളയത്തിൽ. മുൻപ് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ഉണ്ണികൃഷ്ണൻ പത്തു വർഷം മുൻപാണ് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി അദ്ദേഹം സിപിഎം ബന്ധം ഉപേക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വീണ ജോര്‍ജിന്റെ പ്രചാരണം കാര്യക്ഷമമല്ലെന്ന് പാര്‍ട്ടിക്കകത്ത് ആരോപണം ഉന്നയിക്കുകയും രാജി ആലോചിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് സിപിഎം അംഗത്വം പുതുക്കിയുമില്ല.
ഇതിന് ശേഷമാണ് ഇപ്പോൾ സിഎംപിയിൽ ചേർന്ന് യുഡിഎഫ് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിഎംപി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് എ.ജി. ഉണ്ണികൃഷ്ണന്റെ യുഡിഎഫിലേക്കുള്ള പുതിയ രാഷ്ട്രീയ നീക്കം. ഇതോടൊപ്പം തന്നെ തന്നെ സിഎംപിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എ.ജി. ഉണ്ണികൃഷ്ണൻ തന്നെ വ്യക്തമാക്കുകയും ചെയ്തു. പത്തനംതിട്ട ഓമല്ലൂർ സ്വദേശിയാണ്.


