കൂറ്റൻ പാറയ്ക്കു ചുവട്ടിലായി 2 വലിയ പൊത്തുകൾ; 'മഞ്ഞുമ്മൽ' കണ്ട് ത്രില്ലടിച്ചിരിക്കുവാണേ ആമപ്പാറയ്ക്ക് വിട്ടാലോ

Published : Mar 01, 2024, 06:02 PM IST
കൂറ്റൻ പാറയ്ക്കു ചുവട്ടിലായി 2 വലിയ പൊത്തുകൾ; 'മഞ്ഞുമ്മൽ' കണ്ട് ത്രില്ലടിച്ചിരിക്കുവാണേ ആമപ്പാറയ്ക്ക് വിട്ടാലോ

Synopsis

ദൂരക്കാഴ്ചയിൽ ആമയുടെ രൂപത്തോട് സാദൃശ്യമുള്ള ഈ പാറയിലേക്ക് ഒരാൾക്കു മാത്രം കഷ്ടിച്ചു പോകാൻ കഴിയുന്ന നടപ്പാതയാണുള്ളത്. ഇവിടെയുള്ള കൂറ്റൻ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകൾ കാണാം.

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ആമപ്പാറയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. രാമക്കൽമേട്ടിൽനിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തികരിച്ച ‘ജാലകം എക്കോ ടൂറിസം കേന്ദ്രം’ നാടിന് സമർപ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട് സ്‌പോട്ടായി മാറും ആമപ്പാറ.

ടിക്കറ്റ് കൗണ്ടർ, സുരക്ഷാ വേലി, വാച്ച് ടവർ, നടപ്പാതകൾ, ലൈറ്റുകൾ, ഇലക്ട്രിക്കൽ, പ്ലംമ്പിങ് ജോലികൾ, സഞ്ചാരികൾക്ക് കാഴ്ചകണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകൾ, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ചത്. ദൂരക്കാഴ്ചയിൽ ആമയുടെ രൂപത്തോട് സാദൃശ്യമുള്ള ഈ പാറയിലേക്ക് ഒരാൾക്കു മാത്രം കഷ്ടിച്ചു പോകാൻ കഴിയുന്ന നടപ്പാതയാണുള്ളത്. ഇവിടെയുള്ള കൂറ്റൻ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകൾ കാണാം. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങാം. ഈ പടുകൂറ്റൻ പാറക്കുള്ളിലൂടെ അതിസാഹസികമായി സഞ്ചരിച്ച് മറുവശത്തെത്തിയാൽ, ആ കഷ്ടപ്പാടൊന്നും വെറുതെയായില്ല എന്നു മനസ്സിലാകും. അത്രയ്ക്ക് മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

രാമക്കൽമേട്ടിലെ കുറുവൻ-കുറത്തി ശിൽപം, മലമുഴക്കി വേഴാമ്പൽ വാച്ച് ടവർ, കോടമഞ്ഞ് പുതച്ച മലനിരകൾ, താഴ്‌വരയിലെ തമിഴ്നാടിന്റെ ഗ്രാമീണ ഭംഗി, മനോഹരമായ കൃഷിയിടങ്ങൾ, അകലെ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങൾ തുടങ്ങി ആകാശക്കാഴ്ചയുടെ വിശാലലോകമാണ് ആമപ്പാറ തുറക്കുന്നത്. ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിദേശീയരടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ആമപ്പാറയും മാറും. നെടുങ്കണ്ടം രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെ നിന്ന് ജീപ്പിൽ ആമപ്പാറയിലെത്താം.

തൃശൂർ ആസ്ഥാനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡാണ്(സിൽക്ക്) നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. വിനോദസഞ്ചാര വകുപ്പിൽ നിന്ന് ആകെ 3.21 കോടി രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു നിർമാണം. ആദ്യഘട്ടത്തിന് 2019ലും രണ്ടാംഘട്ടത്തിന് 2021ലുമാണ് ഭരണാനുമതി ലഭിച്ചത്. സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിച്ചെന്നും ജാലകം എക്കോ ടൂറിസം കേന്ദ്രം ഉടനെ നാടിന് സമർപ്പിക്കാനാകുമെന്നും ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.

ഓരോ വിദ്യാർത്ഥിക്കും 6 മാസത്തേക്ക് പ്രതിമാസം 10,000 രൂപ ഗ്രാൻഡ്; വലിയ അവസരം, കുതിപ്പ് ലക്ഷ്യമിട്ട് സ‍ർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി