
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ സൂക്ഷിച്ചിരുന്ന നിലയിൽ മദ്യം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെയും എക്സൈസ് പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻതോതിൽ മദ്യം ശേഖരിച്ചിരുന്ന ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചിരുന്നതായാണ് എക്സൈസ് കണ്ടെത്തിയത്.
ഡ്രൈ ഡേ പ്രമാണിച്ച് എക്സൈസ് നടത്തിയ പരിശോധനകളിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 75 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ആലപ്പുഴ പുറക്കാട് 50.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ശിവജി (52 ) എന്നയാളെ പിടികൂടി. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു. തുടർന്ന് കായലിൽ നടത്തിയ തിരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ഹരീഷ് കുമാർ കെ എച്ച്, ജി ആർ ശ്രീരണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.