
ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽ തോടിന് കുറുകെ സിയാൽ നിർമിക്കുന്ന പാലം അശാസ്ത്രീയമെന്ന് ആരോപണം. പ്രതിഷേധവുമായി എത്തിയ നാട്ടുകാർ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. അതേസമയം പ്രദേശവാസികൾക്ക് ഗുണകരമാകാനാണ് പാലം നിർമ്മിക്കുന്നതെന്നാണ് വിമാനത്താവളം അധികൃതരുടെ നിലപാട്.
ചെങ്ങൽ തോടിന്റെ ഒരു ഭാഗം അടച്ച് സിയാൽ അധികൃതർ നടത്തിയ നിർമാണപ്രവർത്തനങ്ങളാണ് പ്രദേശത്തെ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലത്ത് വെള്ളം പൊങ്ങി ഇക്കൊല്ലവും വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം വന്നതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് വിമാനത്താവള അധികൃതർ തുറവുംകരയിൽ പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്.
എന്നാൽ പാലത്തിന്‍റെ നിർമാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഈ മാസം പെയ്ത ശക്തമായ മഴയില്‍ ഇവിടുത്തെ റോഡ് വെള്ളത്തിനടിയിലായിരുന്നു. അങ്ങനെയൊരു സ്ഥലത്ത് ഇത്രയും കുറഞ്ഞ ഉയരത്തില്‍ പാലം നിര്‍മ്മിച്ചിട്ട് എന്തു കാര്യമെന്നാണ് നാട്ടുകാരുടെ ചോദ്യം.
കഴിഞ്ഞ മൂന്ന് തവണ വെള്ളം കയറിയപ്പോഴും തുറവുംകര പ്രദേശം ഒറ്റപ്പെട്ടിരുന്നു. എന്നാൽ ചെങ്ങൽ തോട്ടിൽ വെള്ളം പൊങ്ങിയാൽ ജനങ്ങൾക്ക് രക്ഷപ്പെടാൻ വേണ്ടിയാണ് പാലം നിർമിക്കുന്നതെന്നാണ് സിയാലിന്‍റെ വിശദീകരണം. എട്ട് കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മിക്കുന്നത്. അശാസ്ത്രീയമായ രീതിയിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam