കോഴിക്കോട് കാറപകടത്തില്‍ മരിച്ച സഹോദരന്‍ ശ്യാംലാലിനെ അവസാനമായി ഒരുനോക്ക് കാണാനാകാതെ പ്രസുലാല്‍ അയര്‍ലാന്റിലേക്ക് മടങ്ങി. ഇസ്രയേല്‍-ഇറാന്‍ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതാണ് യാത്ര മുടക്കിയത്.
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് ചെറുവണ്ണൂര്‍ നല്ലളത്തിന് സമീപമുണ്ടായ കാറപകടത്തില്‍ മരിച്ച തന്റെ സഹോദരനെ അവസാനമായി ഒരുനോക്ക് കാണാനാകാതെ പ്രസുലാല്‍ അയര്‍ലാന്റിലേക്ക് തന്നെ മടങ്ങി. ഇസ്രയേല്‍- ഇറാന്‍ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതാണ് പ്രസുലാലിന്റെ നാട്ടിലേക്കുള്ള യാത്രക്ക് വിഘാതം സൃഷ്ടിച്ചത്. കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഫാറൂഖ് കോളേജ് മേലേവാരം സ്വദേശി കളിപ്പറമ്പ് പാറപ്പുറവന്‍ ശ്യാംലാല്‍, പ്രസുലാലിന്റെ സ്വന്തം സഹോദരനായിരുന്നു. മറ്റ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെങ്കിലും അയര്‍ലാന്റില്‍ ജോലി ചെയ്യുന്ന പ്രസുലാലും ഭാര്യയും വരാനായി മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ യാത്ര മുടങ്ങിയതോടെ കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം സംസ്‌കരിച്ചു. പ്രസുലാലും ഭാര്യ ഹര്‍ഷയും ഫ്രാന്‍സ് വരെ എത്തിയെങ്കിലും ഇറാന്‍-ഇസ്രായേല്‍ യുദ്ധസാഹചര്യത്തില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്ര തുടരാനായില്ല. പിന്നീട് മടങ്ങിപ്പോവുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് സംസ്ഥാന പാതയില്‍ നല്ലളം പി.കെ സ്റ്റീലിന് സമീപത്തായാണ് അപകടം നടന്നത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയിലെത്തിയ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. ഫാറൂഖ് കോളേജ് സ്വദേശികളായ കളിപ്പറമ്പില്‍ അജീഷ്(35), വിമല്‍ കുമാര്‍(36), രാമനാട്ടുകര പരിയാപുരത്ത് ദിനില്‍(31) എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന പന്തീരാങ്കാവ് സ്വദേശി പടിഞ്ഞാരത്ത് മീത്തില്‍ ദിജിന്‍(33) സാരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
